ഹൈക്കോടതി വിധിക്കും ഡിജിപിയുടെ സര്‍ക്കുലറിനും പോലീസില്‍ പുല്ലുവില; കാരണം അറിയിക്കാതെ അറസ്റ്റ് പാടില്ലെന്ന നിർദേശം ചവറ്റുകുട്ടയില്‍

കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതിയും സംസ്ഥാന ഡിജിപിയും നിര്‍ദ്ദേശം നല്‍കിയിട്ടും പോലീസില്‍ അതെല്ലാം പുല്ലുവിലയാണ്. തോന്നുംപടി അറസ്റ്റും പീഡനവും പതിവ് പോലെ നടക്കുകയാണ്. കഴിഞ്ഞ ആഴ്ച ഓണ്‍ലൈന്‍ ചാനലുടമ ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രിയില്‍ കാരണം കാണിക്കാതെ അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.

കാരണം അറിയിക്കാതെ രണ്ട് വ്യത്യസ്ത കേസുകളില്‍ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച കേസിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റ സുപ്രധാന വിധി വന്നത്. മലപ്പുറം സ്വദേശിയായ എം ബാബുവിന്റെ മകനെ ലഹരിക്കേസില്‍ തിരുര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപ തട്ടിപ്പുകേസില്‍ പത്തനംതിട്ട കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ അമ്മ വിജയലക്ഷ്മിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കഴിഞ്ഞ മാസം ഏഴിന് കോടതി വിധി പുറപ്പെടുവിച്ചത്. രണ്ട് കേസുകളിലും അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച കോടതി ഇരുവരേയും ഉടനടി വിട്ടയക്കാനും ഉത്തരവായി.

അറസ്റ്റിന് മുമ്പായി സാഹചര്യം ബോധ്യപ്പെടുത്തണമെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 (1) വ്യവസ്ഥ ചെയ്യുന്നുണ്ട്. അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണമെന്ന് നിരവധി സുപ്രീം കോടതി വിധികളും ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് എടപ്പഗത്തിന്റെ വിധി. അറസ്റ്റിന് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കക്ഷികള്‍ പറയുമ്പോള്‍ അത് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാരണം പറയാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് കഴിഞ്ഞ മാസം 25ന് ജില്ലാ പോലീസ് സൂപ്രണ്ട്മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. ഈ സര്‍ക്കുലറിലെ മഷി ഉണങ്ങുന്നതിന് മുമ്പാണ് മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ പാതിരാത്രിയില്‍ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത്.

ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ 47 ആം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂര്‍ണ വിവരം ഉദ്യോഗസ്ഥന്‍ രേഖാമൂലം നല്‍കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം വീണ്ടും സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. നോട്ടീസിന്റെ മാതൃകയും സര്‍ക്കുലറിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top