ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ ദുരൂഹതകള്‍ ഏറെ; അന്വേഷണ സംഘത്തില്‍ നിന്ന് വനിതാ ഐപിഎസ് ഓഫീസര്‍ പിന്‍മാറി

സ്ത്രീകളുടേയും പെണ്‍കുട്ടികളുടേതുമായി നൂറിലേറെ മൃതദേഹങ്ങള്‍ ഭീഷണിയെ തുടര്‍ന്ന് മറവ് ചെയ്‌തെന്ന ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വഷണ സംഘത്തില്‍ നിന്ന് പിന്‍മാറി വനിതാ ഐപിഎസ് ഓഫീസര്‍. ഡിസിപി സൗമ്യ ലതയാണ് സംഘത്തില്‍ നിന്നും പിന്‍മാറിയത്. പിന്മാറ്റത്തിന് ഇടയാക്കിയ കാരണം വ്യക്തമാക്കിയിട്ടില്ല.

ഉദ്യോഗസ്ഥയുടെ പിന്‍മാറ്റം ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പകരം മറ്റൊരാളെ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പ്രത്യേക സംഘം അന്വേഷിക്കുക. ഡിജിപി പ്രണവ് മൊഹന്തിയെ തലവനാക്കിയാണ് പ്രത്യേക അന്വേഷണസംഘം സർക്കാർ രൂപീകരിച്ചത്.

1995 മുതല്‍ 2014 വരെയുള്ള കാലത്ത് ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി നല്‍കിയ മൊഴി. പല കൊലപാതകങ്ങളും നേരിട്ട് കണ്ടെന്നും മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.
നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. ചിലത് കത്തിച്ചും കളഞ്ഞിട്ടുണ്ട്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും അക്രമത്തിന്റെയും വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top