“ദേശാഭിമാനി വാർത്ത കള്ളം; ഞാന്‍ അടിമാലിയിലുണ്ട്; ഇന്ന് വരെ കേരളം വിട്ടുപോയിട്ടില്ല”: മറിയക്കുട്ടിയുടെ മകൾ പ്രിൻസി

ആര്‍.രാഹുല്‍

അടിമാലി: പെൻഷൻ മുടങ്ങിയത് കാരണം ഭിക്ഷയെടുക്കേണ്ടി വന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി വിദേശത്താണെന്ന ദേശാഭിമാനി വാർത്ത വ്യാജം. ദേശാഭിമാനി വാർത്തയിൽ പറയുന്ന സ്വിറ്റ്സ്വർലാൻഡിലുള്ള മകൾ പ്രിൻസി അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുകയാണെന്ന് മാധ്യമ സിൻഡിക്കറ്റിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. 37 വയസിനിടയിൽ താൻ ഇതുവരെ കേരളം വിട്ട് പുറത്ത് പോയിട്ടില്ല ഞങ്ങൾ നാല് പെൺമക്കളിൽ ഒരാൾ പോലും വിദേശത്തില്ലെന്ന് പ്രിൻസി പറഞ്ഞു.

“സ്വിറ്റ്സർലൻഡിലുള്ള മകൾ പ്രിൻസിയുടെ പേരിലുള്ള വീട്ടിലാണ് മറിയക്കുട്ടി താമസിക്കുന്നത്. കൂടാതെ മറ്റൊരു വീടും മകൾക്കുണ്ട്. അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്….. എന്നായിരുന്നു ‘പെൻഷൻ യാചനാ സമരം സെറ്റിട്ട നാടകം’ എന്ന തലക്കെട്ടിൽ ദേശാഭിമാനി കോട്ടയം എഡിഷനില്‍ ശനിയാഴ്ച (11-11-2023) നൽകിയ വാർത്തയിൽ പറയുന്നത്.

“വാർത്തയിൽ പറയുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി ഞാനാണ്. വീടും സ്ഥലവും നേരത്തെ അമ്മ എൻ്റെ പേരിൽ എഴുതി നൽകിയതാണ്. അവിടെ എന്നോടോപ്പമാണ് അമ്മ താമസിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി രോഗം കാരണം ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടാണ് അമ്മസ്ഥലം എൻ്റെ പേരിലാക്കുന്നത്. മറ്റുള്ളവർ പറഞ്ഞാണ് വാർത്തയെപ്പറ്റി ഞാന്‍ ആദ്യം അറിഞ്ഞത്. വാർത്ത കേട്ട് അത്ഭുതപ്പെട്ടു. ഞാൻ ഇതുവരെ സ്വിറ്റ്സ്വർലൻഡിലല്ല, ഇന്ത്യ വിട്ട് പുറത്ത് പോയിട്ടില്ല. ഒരു രാജ്യത്തും പോയിട്ടില്ല. കേരളം വിട്ട് പുറത്ത് പോയിട്ടില്ല (ചിരിക്കുന്നു). വാടക കെട്ടിടത്തിലാണ് താനും ഭർത്താവും നടത്തുന്ന ലോട്ടറിക്കടപോലും പ്രവർത്തിക്കുന്നത്. ഞങ്ങൾ നാല് പേരാണ്. ഒരാൾ വയനാട്ടിലും മറ്റൊരാൾ ഡൽഹിയിലും മൂന്നാമത്തെയാൾ ഇവിടെ അടുത്തുമാണ് താമസം.” – പ്രിൻസി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ദേശാഭിമാനി വാർത്തയിൽ വയോധികരായ മറിയക്കുട്ടിക്കും അന്നത്തിനും പെൻഷൻ മുടങ്ങിയതിന് കാരണം കോൺഗ്രസ് പഞ്ചായത്ത് അംഗമാണെന്ന വസ്തുതയും തെറ്റാണെന്ന് അടിമാലി പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് മെംബർ ജിൻസി മാത്യു പറഞ്ഞു.

“അന്നത്തിൻ്റെ പെൻഷൻ മുടങ്ങാൻ കാരണം കോൺഗ്രസ് പഞ്ചായത്തംഗം വരുത്തിയ ഗുരുതര വീഴ്ചയാണ്. സമയബന്ധിതമായി മസ്റ്ററിംഗ് ചെയ്ത് നൽകാത്തതിനാലാണ് ഇവർക്ക് കിട്ടിയ ഈറ്റ തൊഴിലാളി പെൻഷൻ മൂന്ന് വർഷം മുടങ്ങിയത്…”- എന്നാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്. വയോധികമാർ ഭിക്ഷ യാചിച്ചതിൻ്റെ പിന്നിൽ ഡീൻ കുര്യാക്കോസും കോൺഗ്രസ് നേതാക്കളും ചില മാധ്യമങ്ങളുമാണെന്നാണ് വാർത്തയിലുള്ളത്..

കുറച്ച് ദിവസങ്ങളായി ദേശാഭിമാനിയും സിപിഎമ്മും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തനിക്കും മറിയക്കുട്ടിക്കുമെതിരെ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് ജിൻസി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പെൻഷൻ മുടങ്ങിയത് തൻ്റെ കുഴപ്പം കൊണ്ടാണ് എന്ന് വരുത്തി തീർക്കാനാണ് ശ്രമം. പെന്‍ഷന്‍ വിതരണത്തിന് കാലതാമസമുണ്ടായതിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണ്. ചെയ്യാത്ത തെറ്റിന് തന്നെ വേട്ടയാടുകയാണ് ദേശാഭിമാനിയും സിപിഎമ്മുമെന്ന് ജിൻസി മാത്യു പറഞ്ഞു. മസ്റ്ററിംഗിൻ്റെ പേരിൽ കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണ്. തൻ്റെ ചിത്രങ്ങൾ വരെ ഉപയോഗിച്ച് വളരെ മോശമായ രീതിയിലാണ് സിപിഎം ഇല്ലാക്കഥകൾ പ്രച്ചരിപ്പിക്കുന്നത്. മറിയക്കുട്ടിയുടെയും അന്നം ഔസേപ്പിൻ്റെയും മസ്റ്റററിംഗ് കൃത്യസമയത്ത് നടന്നതാണ്. എപ്രിൽ 5 നും 18 നും മസ്റ്ററിംഗ് നടത്തി. വാർഡ് മെമ്പറായ താൻ മസ്റ്ററിംഗ്’ നടത്താത്തതാണ് പെൻഷൻ ലഭിക്കാത്തതിന് കാരണമെന്നാണ് ദേശാഭിമാനി പത്രത്തിൽ വന്ന വാർത്ത. തനിക്കെതിരെ മാത്രമല്ല മറിയക്കുട്ടിക്കെതിരെയും നട്ടാൽ കുരുക്കാത്ത നുണയാണ് സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ജിൻസി മാത്യൂ പറഞ്ഞു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്നും അറിയിച്ചു.

മറിയക്കുട്ടിക്ക് രണ്ട് വീടുകളുണ്ടെന്നും ഇവയിലൊന്ന് വാടകയ്ക്ക് കൊടുത്തിരിക്കുന്നുവെന്ന ദേശാഭിമാനി വാർത്തയും അടിസ്ഥാന രഹിതമാണെന്ന് ഇരുപത് കൊല്ലം വാർഡ് മെമ്പറായിരുന്ന കെ.ഐ. ജീസസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് മറിയക്കുട്ടിയുടെ താമസം. വളരെ ദയനീയ അവസ്ഥയിലാണ് വീടുള്ളത്. വാസയോഗ്യമാണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാവുന്ന അവസ്ഥയിലാണ്. പിന്നെയുള്ളത് മറിയക്കുട്ടിയുടെ സഹോദരിയുടെ വീടാണ്. ബുദ്ധിമുട്ടുകൾക്കിടയിൽ ഇടക്ക് അവർ അവിടെ പോയി താമസിച്ചിട്ടുണ്ടായിരുന്നുവെന്നും ജീസസ് പറഞ്ഞു.

കോൺഗ്രസ് ഇത് വരെ വിഷയമേറ്റെടുത്തിട്ടില്ലെന്നും പഞ്ചായത്ത് മെംബർക്കും സ്ഥലം എംപിക്കും മറിയക്കുട്ടിക്കും മറ്റ് നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളെ പാർട്ടി നേരിടുമെന്നും ഡിസിസി ജനറൽ സെക്രട്ടറി കെ.ഐ. ജീസസ് അറിയിച്ചു. അതിനായി വാർഡ് മീറ്റിംഗ് കൂടി തുടർ നടപടികൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top