ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐക്ക് പൂർണ്ണ സ്വാതന്ത്ര്യം; ബാങ്ക് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാം; സുപ്രീം കോടതി

ഓൺലൈൻ തട്ടിപ്പായ ‘ഡിജിറ്റൽ അറസ്റ്റ്’ കേസുകളുടെ അന്വേഷണത്തിൽ സിബിഐക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി സുപ്രീം കോടതി. ഈ കേസുകൾ ആദ്യം അന്വേഷിക്കുക സിബിഐ ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അവരുടെ പങ്ക് അന്വേഷിക്കാനും അനുമതി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഫോൺ വിവരങ്ങൾ പരിശോധിക്കാനും, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സിബിഐക്ക് പൂർണ്ണ അധികാരം നൽകി.

സൈബർ കുറ്റകൃത്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്ന ഫോണുകളുടെ വിവരങ്ങൾ സൂക്ഷിക്കാനും, അന്വേഷണത്തിൽ സിബിഐയുമായി പൂർണ്ണമായി സഹകരിക്കാനും ഐടി ഇന്റർമീഡിയറി നിയമപ്രകാരമുള്ള (IT Intermediary Rules 2021) അധികാരികളോട് കോടതി ആവശ്യപ്പെട്ടു. ഒരേ പേരിൽ ഒന്നിലധികം സിം കാർഡുകൾ എടുക്കുന്നത് തടയാൻ എന്ത് നടപടിയെടുക്കുമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ടെലികോം വകുപ്പിനോടും സുപ്രീം കോടതി നിർദേശിച്ചു.

രാജ്യവ്യാപകമായി സിബിഐക്ക് അന്വേഷണം നടത്താൻ സാധിക്കുന്നതിന് വേണ്ടി ഐടി നിയമപ്രകാരമുള്ള അന്വേഷണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാരുകൾക്കും കോടതി നിർദ്ദേശം നൽകി. സംസ്ഥാനങ്ങളിൽ സൈബർ ക്രൈം സെന്ററുകൾ വേഗത്തിൽ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) എന്നിവ എപ്പോൾ നടപ്പാക്കാനാക്കുമെന്ന് അറിയിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) കോടതി നോട്ടീസ് അയച്ചു. അന്താരാഷ്ട്ര ബന്ധമുള്ള കേസുകളിൽ ഇൻ്റർപോളിൻ്റെ സഹായം തേടാനും സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top