ദിലീപിൻ്റെ ആദ്യ അഭിമുഖം ‘ദ ഹിന്ദു’വിന്…. പെടുത്തിയവർക്ക് എതിരെ നിയമനടപടി ഉറപ്പിച്ചുവെന്ന് താരം

ക്വട്ടേഷൻ ബലാത്സംഗം എന്ന വിചിത്ര ആരോപണത്തിൽ നിന്നൂരിയ നടൻ ദിലീപ്, തന്നെ പ്രതിചേർത്തവർക്കെതിരെ നിയമനടപടിക്ക് നീക്കം തുടങ്ങി. തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണം. കേസിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവരെ കണ്ടെത്തണമെന്നാണ് ആവശ്യം. കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘ദി ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
താനാണ് ഈ കേസിലെ യഥാർത്ഥ ഇരയെന്ന് ദിലീപ് അവകാശപ്പെട്ടു. വ്യക്തിനേട്ടങ്ങൾക്കും പ്രശസ്തിക്കുമായി പ്രവർത്തിച്ച ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരാണ് തന്നെ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. അതിജീവിതയുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും, മുൻപ് നല്ല സൗഹൃദം ആയിരുന്നു എന്നും ദിലീപ് കൂട്ടിച്ചേർത്തു. അന്വേഷണത്തിൻ്റെ ആദ്യ നാല് മാസങ്ങളിൽ അതിജീവിത തന്നെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണ സംഘം (SIT) തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് ആരോപിക്കുന്നു. കേസിൻ്റെ ‘മാസ്റ്റർ മൈൻഡ്’ താനാണെന്ന് വിശ്വസിപ്പിച്ച് അന്വേഷണ സംഘം സർക്കാരിനെ പോലും തെറ്റിദ്ധരിപ്പിച്ചു. ആദ്യത്തെ ആറ് പ്രതികളുടെ അറസ്റ്റിനു ശേഷം, ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ കൊണ്ട് വഴിതെറ്റിയ അന്വേഷണത്തിന് ഒടുവിലാണ് തൻ്റെ അറസ്റ്റ് ഉണ്ടായതെന്നും, മുഖ്യമന്ത്രി നേരിട്ട് ഈ വിഷയം പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.
ചില ഉദ്യോഗസ്ഥർ തൻ്റെ അഭിഭാഷകരെയും കേസിൽ കുടുക്കാൻ ശ്രമിച്ചു. തന്നെ ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും സോഷ്യൽ മീഡിയയിൽ വ്യാജകഥകൾ പ്രചരിപ്പിച്ചു. തൻ്റെ സിനിമകളുടെ കുടുംബ പ്രേക്ഷകരെ അകറ്റാനും സിനിമാ സംഘടനകളിൽ അംഗത്വം ഇല്ലാതാക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും ദിലീപ് ആരോപിച്ചു. SIT യുടെ തലവൻ തന്നെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്‌തപ്പോൾ, 13 മണിക്കൂർ ചോദ്യംചെയ്തു എന്നാണ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here