SV Motors SV Motors

സംസ്ഥാന ചലചിത്ര പുരസ്കാര വിവാദം; മന്ത്രിയുടെ ക്ലീൻ ചിറ്റ് രഞ്ജിത്തിനെ രക്ഷിക്കാനെന്ന് വിനയൻ

സംസ്ഥാന ചലചിത്ര പുരസ്കാര നിർണ്ണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാന്‍ ര‍ഞ്ജിത്തിനെതിരെ സംവിധായകന്‍ വിനയന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിവാദം ശക്തിപ്പെടുന്നു. വിനയന്റെ ആരോപണങ്ങള്‍ തള്ളിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു. പുരസ്കാര നിർണയത്തില്‍ ജൂറിക്ക് മാത്രമാണ് അധികാരമുള്ളതെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധനയുണ്ടാകില്ലെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

നിഷ്പക്ഷമായാണ് ജൂറിയുടെ തിരഞ്ഞെടുപ്പ്. ആർക്കും അതില്‍ പരാതി പറയാനാകില്ല. ചലച്ചിത്ര അക്കാദമി ചെയർമാനല്ല ജൂറിയെ തിരഞ്ഞെടുത്തത്. അദ്ദേഹം ജൂറിയില്‍ അംഗവുമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു റോളുമില്ല. അർഹതപ്പെട്ടവർക്കാണ് പുരസ്കാരം ലഭിച്ചതെന്നും ആരോപണങ്ങളില്‍ തെളിവുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രഞ്ജിത്തിനെ വിവാദങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് വിനയന്‍ തിരിച്ചടിച്ചു. സത്യം പുറത്തുവരുമുന്‍പ് രഞ്ജിത്തിനുവേണ്ടി മുന്‍കൂർ ജാമ്യമെടുക്കുകയാണ് മന്ത്രി. രഞ്ജിത്തിന്റെ ഇടപെടലിനെക്കുറിച്ച് മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി മനു സി പുളിക്കന് അറിവുണ്ട്. രഞ്ജിത്തിന്റെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് ജൂറി അംഗം നേമം പുഷ്പരാജ് മനു സി പുളിക്കനോട് പരാതിപ്പെട്ടിട്ടുണ്ട്. നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗം ജിൻസി ഗ്രിഗറിയും രഞ്ജിത്തിനെതെരെ രംഗത്തെത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിനയന്‍ പറയുന്നു.

വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കാന്‍ രഞ്ജിത്ത് ഇടപെട്ടു എന്നാരോപിച്ചാണ് നേരത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിനയന്‍ രംഗത്തെത്തിയത്. പിന്നാലെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിന്റെ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിൻെറ ഫോൺ കാൾ റെക്കോർഡിങ് പുറത്തുവിട്ടു.

അവാർഡ് നിണ്ണയത്തിൽ അക്കാദമി ചെയർമാന്‍ എന്ന നിലയിൽ രഞ്ജിത്ത് അനാവശ്യ ഇടപെടൽ നടത്തിയെന്നും, ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലെന്നുമായിരുന്നു ഓഡിയോയിലെ പരാമർശങ്ങള്‍. ഇക്കാര്യത്തില്‍ രഞ്ജിത്ത് മറുപടി പറയണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിനയന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാന്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഇതിനിടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിനയൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top