കുഴിനഖ പരിശോധനക്കായി സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കലക്ടർക്കെതിരെ കെജിഎംഒഎ; ജനറൽ ആശുപത്രിയിൽ രോഗികൾ ക്യൂ നിൽക്കുമ്പോഴാണീ അധികാര ദുർവിനിയോഗം

തിരുവനന്തപുരം: അടിയന്തര ചികിത്സകൾക്കായി നൂറ് കണക്കിന് രോഗികൾ കാത്തു നിൽക്കുമ്പോൾ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ച് കാലിലെ കുഴിനഖ പരിശോധന നടത്തിയത് വിവാദമാകുന്നു. അധികാര ദുർവിനിയോഗം നടത്തിയ കലക്ടർക്കെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന.
കഴിഞ്ഞ ശനിയാഴ്ച കലക്ടർ ജെറോമിക് ജോർജ് ജില്ലാ മെഡിക്കൽ മെഡിക്കൽ ഓഫീസറെ (ഡിഎംഒ) വിളിച്ച് തൻ്റെ കാലിലെ കുഴിനഖം പരിശോധിക്കാൻ ഡോക്ടറെ ഔദ്യോഗിക വസതിയിലേക്ക് വിടണമെന്നാവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്ന ഡിഎംഒയോട് അധികാര സ്വരത്തിൽ ആജ്ഞാപിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റൻ്റ് സർജനെ കലക്ടറുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. നിരവധി രോഗികൾ ക്യൂവിൽ നിൽക്കുമ്പോഴാണ് കലക്ടറുടെ സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചത്. വീട്ടിലെത്തിയ ഡോക്ടർ അരമണിക്കൂർ കാത്തിരുന്ന ശേഷമാണ് കലക്ടർ ഇറങ്ങിവന്നത്. മൂന്ന് മാസം മുമ്പ് ഇദ്ദേഹം പേരൂർക്കട ആശുപത്രിയിൽ വിളിച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചതായും പരാതിയുണ്ട്.
തിരക്കേറിയ ഒപിയിൽ കടുത്ത മാനവിഭവശേഷി കുറവിനിടയിലും പൊതു ജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് സ്വവസതിയിലേക്ക് വിളിച്ചു വരുത്തിയ ജില്ല കലക്ടറുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെജിഎംഒഎ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കലക്ടറുടെ ഈ നടപടി മൂലം പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായി. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിലെ ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ല എങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാകുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here