‘ഡിഎംകെ ദുഷ്ടശക്തി’! ഭരണകക്ഷിയ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്; കരൂർ ദുരന്തത്തിന് ശേഷമുള്ള കരുത്തുറ്റ തിരിച്ചുവരവ്

ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം ‘പരിശുദ്ധ ശക്തി’ ആണെന്നും ഡിഎംകെ ‘ദുഷ്ടശക്തി’ എന്നുമാണ് ഈറോഡിൽ നടന്ന ചടങ്ങിൾ വിജയ് ആഞ്ഞടിച്ചത്. വരാനിരിക്കുന്ന പോരാട്ടം ഇവർ തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിൽ കരൂരിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായി സംഘടിപ്പിച്ച വമ്പൻ റാലിയിലാണ് ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർക്ഷണം ഉയർത്തിയത്. തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളിലും നീറ്റ് പരീക്ഷാ വിവാദത്തിലും ഡിഎംകെയെ അദ്ദേഹം പരിഹസിച്ചു. ഡിഎംകെയും പ്രശ്നങ്ങളും ‘ഫെവികോൾ’ ഒട്ടിച്ചതുപോലെ വേർപെടുത്താൻ കഴിയാത്തതാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്
ഈറോഡിലെ വിജയമംഗലത്താണ് റാലി നടന്നത്. മുൻ എഐഎഡിഎംകെ നേതാവ് കെഎ സെങ്കോട്ടയ്യൻ കഴിഞ്ഞ മാസം ടിവികെയിൽ ചേർന്നതിന് ശേഷം നടക്കുന്ന ആദ്യ പ്രധാന പരിപാടിയാണിത്. സെങ്കോട്ടയ്യന്റെ സ്വാധീനമേഖലയായ പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ വിജയ് തന്റെ കരുത്ത് തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈറോഡ് തിരഞ്ഞെടുത്തത്.
കരൂർ റാലിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പോലീസ് അതീവ ജാഗ്രതയിലായിരുന്നു. 1,300 ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രവേശനം അനുവദിച്ചില്ല. മൈതാനത്തെ ചെറിയ ബോക്സുകളായി തിരിച്ച് ഓരോന്നിലും 500 പേരെ മാത്രം ഉൾക്കൊള്ളുന്ന രീതിയിലാണ് ക്രമീകരിച്ചത്. കെട്ടിടങ്ങളുടെ മുകളിലോ മരങ്ങളിലോ കയറി റാലി കാണുന്നതും വിലക്കിയിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് മത്സരിക്കാനൊരുങ്ങുന്ന വിജയ്, ഡിഎംകെയെയും ബിജെപിയെയും തന്റെ പ്രധാന ശത്രുക്കളായി പ്രഖ്യാപിച്ചു കഴിഞ്ഞു. തമിഴ് രാഷ്ട്രീയത്തിലെ കരുത്തരായ ഡിഎംകെയോടും എഐഎഡിഎംകെയോടും നേരിട്ട് ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്ന വിജയ്‌ക്ക് ഈറോഡ് റാലി വലിയൊരു ആത്മവിശ്വാസമാണ് നൽകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here