കുട്ടികളുടെ മരണത്തിൽ ഡോക്ടർ അറസ്റ്റിൽ; കഫ് സിറപ്പിൽ 48.6% വിഷം

ഇന്ത്യയെ നടുക്കിയ കുട്ടികളുടെ മരണപരമ്പരയിൽ, വിഷം കലർന്ന കഫ് സിറപ്പ് നിർദ്ദേശിച്ച സർക്കാർ ഡോക്ടർ അറസ്റ്റിൽ. 14 പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായ ‘കോൾഡ്രിഫ്’ (Coldrif) എന്ന സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന മാരക വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് മധ്യപ്രദേശ് സർക്കാർ സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ ആരംഭിച്ചത്.
ശിശുരോഗ വിദഗ്ധനായ ഡോ. പ്രവീൺ സോണിയെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. പരാസിയയിലെ തൻ്റെ സ്വകാര്യ ക്ലിനിക്കിൽ വച്ച് പ്രവീൺ കുട്ടികൾക്ക് ഈ സിറപ്പ് വ്യാപകമായി കുറിച്ചു നൽകി. പ്രവീൺ സോണിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുട്ടികൾക്ക് മരുന്ന് നിർദ്ദേശിക്കുന്നതിൽ ഡോക്ടർക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണ് ഇത്രയധികം ജീവനുകൾ നഷ്ടപ്പെടാൻ കാരണമായതെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ.
Also Read : കുട്ടികൾക്ക് ചുമ മരുന്നു നൽകരുത്… ‘കോൾഡ്രിഫ്’ കഫ് സിറപ്പിൻ്റെ വില്പന കേരളത്തിലും നിർത്തി
‘കോൾഡ്രിഫ്’ സിറപ്പിനും ഈ കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ചികിത്സയിലുള്ള കുട്ടികളുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് ഉറപ്പുനൽകി.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ കൂട്ടത്തോടെ ഗുരുതരമായ വൃക്കരോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികളിൽ മൂത്രം പോകാത്ത അവസ്ഥയും കടുത്ത പനിയും ഉണ്ടാകുകയായിരുന്നു.
ദുരന്തത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനായി തമിഴ്‌നാട്ടിലെ നിർമ്മാണ യൂണിറ്റിൽ നിന്നുള്ള സിറപ്പ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആൻ്റിഫ്രീസറുകളിൽ അടങ്ങിയിട്ടുള്ള രാസവസ്തു ആണ് മരുന്നിൽ അടങ്ങിയിയരുന്നത്. തമിഴ്നാട് ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്കെതിരെയും മാനേജ്‌മെൻ്റിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here