‘ഡോക്ടർമാർ കണിയാന്മാർ അല്ല, മരണങ്ങൾ തടയാൻ ദൈവങ്ങളും അല്ല’; പ്രതികരിച്ച് ഡോ സൗമ്യ സരിൻ

കഴിഞ്ഞദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പിതാവ് ഡോക്ടറെ ആക്രമിച്ചിരുന്നു. ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോക്ടർ പിടി വിപിനെയാണ് ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിപിൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനെതിരെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് ഡോ പി സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ രംഗത്ത് എത്തിയത്. സ്വന്തം നാട്ടിൽ വന്ന് പണിയെടുക്കണം എന്ന മോഹം ഉപേക്ഷിക്കണമോ എന്ന ചിന്തയിലാണ് താനെന്നും അവർ പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ മൂന്നുവർഷമായി ഷാർജയിലാണ് ജോലി ചെയ്യുന്നത്. നല്ലൊരു ആശുപത്രിയിൽ ജോലി കിട്ടി ഇങ്ങോട്ട് വരണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. സ്വന്തം നാട്ടിൽ പണിയെടുക്കണമെന്ന ആഗ്രഹം ഇതോടെ അവസാനിപ്പിക്കണോ എന്ന ചിന്തയിലാണ് താൻ. നാട്ടിൽ വന്നു കഴിഞ്ഞാൽ കുടുംബത്തിന് തന്നെ നഷ്ടപ്പെടും എന്ന ഭയം ഉണ്ടെന്നും സൗമ്യ പറഞ്ഞു
രോഗിയെ കാണുമ്പോൾ അസുഖം പ്രവചിക്കാൻ ഡോക്ടർമാർ ഒന്നും കണിയാന്മാർ അല്ല. മരണങ്ങൾ തടയാൻ ദൈവങ്ങളും അല്ല. എത്ര ശ്രമിച്ചിട്ടും പല ജീവനുകളും കയ്യിൽ നിന്ന് വഴുതിപ്പോകും. ആ മരണങ്ങൾ എല്ലാം വേദനിപ്പിക്കുന്നുണ്ട്. പഠനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളാണ് പഠിച്ചു സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരായത്. ഇനി അങ്ങനെയുള്ള മിടുക്കന്മാരും മിടുക്കികളും ഈ പണിക്ക് വരില്ലെന്ന് ഉറപ്പാണെന്നും സൗമ്യ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here