രണ്ടു വിവാഹങ്ങൾക്ക് ശേഷമെത്തിയ പ്രണയം നയിച്ചത് തീവ്രവാദത്തിലേക്ക്; ഡൽഹി സ്ഫോടനക്കേസ് പ്രതി ഡോ.ഷഹീൻ്റെ ജീവിതരേഖ

ഡൽഹിയിൽ ചെങ്കോട്ടക്കടുത്ത് നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതികളായി കണ്ടെത്തിയ ഡോക്ടർ ദമ്പതികളുടെ പ്രണയവും ഒന്നിച്ചുള്ള നീക്കങ്ങളും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുകയാണ്. 46കാരി ഷഹീൻ സയീദിൻ്റെ കഥ പക്ഷെ അടുപ്പക്കാർക്കെല്ലാം അവിശ്വസനീയമാണ്. രണ്ട് പരാജയപ്പെട്ട വിവാഹബന്ധങ്ങൾ, പുതിയ പ്രണയം, തുടർന്ന് തീവ്രവാദത്തിലേക്കുള്ള നീക്കം, ഇതാണ് സയീദിന്റെ ജീവിതരേഖ.

ഹരിയാന ഫരീദാബാദിലുള്ള അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിൽ ഷഹീൻ സയീദിന്റെ ജൂനിയർ ഡോക്ടറായിരുന്നു കശ്മീർ സ്വദേശിയായ മുസമ്മിൽ ഷക്കീൽ. ക്രമേണ അടുപ്പം വളർന്ന് പ്രണയത്തിൽ എത്തിയപ്പോൾ 2023 സെപ്റ്റംബറിൽ ഇരുവരും വിവാഹിതരായി. ഈ ബന്ധമാണ് സയീദിനെ തീവ്രവാദത്തിൻ്റെ ലോകത്തേക്ക് എത്തിച്ചതെന്നാണ് എൻഐഎ അടക്കം അന്വേഷണ ഏജൻസികളുടെ ഇതുവരെയുള്ള നിഗമനം.

വിവാഹശേഷം, മതപരമായ ചടങ്ങുകളിലും, ചില വിദ്യാർത്ഥി ഗ്രൂപ്പുകളുമായുള്ള കൂടിക്കാഴ്ചകളിലും ഷഹീൻ സജീവമായി. ഈ സമയത്താണ് ജെയ്ഷ്-എ-മുഹമ്മദിൻ്റെ (JeM) വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ-മൊമിനാത്ത്’ (Jamaat ul-Mominaat) അംഗങ്ങൾ സയീദിനെ സമീപിക്കുകയും തീവ്രവാദ ആശയങ്ങളിൽ പരിശീലനം നൽകുകയും ചെയ്തത്. ഇവരുടെ നിയന്ത്രണം പാക്കിസ്ഥാനിൽ നിന്നായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ലഖ്‌നൗവിലെ സാധാരണ, വിദ്യാസമ്പന്നമായ കുടുംബത്തിൽ വളർന്ന ഷഹീൻ ഉന്നത വിദ്യാഭ്യാസം നേടിയ മിടുക്കിയായിരുന്നു. അലഹബാദിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി, ഫാർമക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്തു. 2003ൽ നേത്രരോഗ വിദഗ്ധനായ ഡോ സഫർ ഹയാത്തുമായി സയീദിൻ്റെ ആദ്യ വിവാഹം നടന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ടായി. എന്നാൽ ബന്ധം പിരിഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ഡോ.സഫർ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ 2012ഓടെയാണ് പിരിഞ്ഞത്. ഇതിന് ശേഷം ദുരിതത്തിലായ ഷഹീൻ, ജോലി ചെയ്ത കോളേജിൽ നിന്ന് മുന്നറിയിപ്പില്ലാതെ പിൻവാങ്ങി. എട്ട് വർഷത്തോളം ആരുമായും ബന്ധമില്ലാതെ കഴിഞ്ഞതിനെത്തുടർന്ന് 2021ൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കോളജ് അധികൃതർ അറിയിച്ചു. തുടർന്ന് ഗാസിയാബാദിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന ഒരാളെ വിവാഹം ചെയ്തെങ്കിലും ആ ബന്ധവും അധികനാൾ നീണ്ടില്ല.

ഷഹീൻ, ഡോക്ടർ എന്ന ഐഡന്റിറ്റി ഉപയോഗിച്ച് ജമ്മുകശ്മീർ മുതൽ പലയിടങ്ങളിലും യാത്രചെയ്ത് പണം കൈമാറ്റം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജെയ്ഷ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ പാകിസ്ഥാനിൽ നിന്ന് നയിക്കുന്ന ‘ജമാഅത്ത് ഉൽ-മൊമിനാത്ത്’ എന്ന സംഘടനയുടെ ഇന്ത്യയിലെ ചുമതലയും ഇവർക്കായിരുന്നു. ഡൽഹി സ്ഫോടനത്തിനായി അഞ്ചുപേരടങ്ങുന്ന ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചതും ഷഹീൻ ആയിരുന്നു.

ഇക്കഴിഞ്ഞ 10ന് ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപത്ത് നടന്ന സ്ഫോടനത്തിൽ 15ഓളം പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ കേസിൽ ഷഹീനെയും, ഭർത്താവായ മുസമ്മിൽ ഷക്കീൽ, സഹപ്രവർത്തൻ അദീൽ അഹമ്മദ് റാതർ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഷഹീന്റെ കുടുംബമാകട്ടെ ഈ ആരോപണങ്ങളൊന്നും വിശ്വസിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ഇപ്പോഴും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top