കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലായി നായപ്പട; കരസേനാ ദിന പരേഡിൽ കൈയടി നേടി കെ9 യൂണിറ്റ്

ജയ്പൂരിൽ നടന്ന 78-ാമത് കരസേനാ ദിന പരേഡിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യൻ സൈന്യത്തിന്റെ നായപ്പട. യൂണിഫോം ധരിച്ച സൈനികർക്കൊപ്പം കണ്ണുകളിൽ കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് ചുവടുവെക്കുന്ന കെ9 (K9) നായ്ക്കളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ആർമി പ്രിന്റുള്ള കോട്ടുകളും കണ്ണടയും ധരിച്ച ഈ മിടുക്കന്മാർ അതീവ ഗൗരവത്തിലാണ് പരേഡിൽ പങ്കെടുത്തത്.

നായ്ക്കൾക്ക് കണ്ണട ധരിപ്പിക്കുന്നത് ഫാഷനു വേണ്ടിയല്ല. സ്ഫോടനങ്ങൾ നടക്കുന്ന സ്ഥലത്തോ ഓപ്പറേഷനുകൾക്കിടയിലോ മണ്ണും കല്ലും തെറിച്ച് കണ്ണുകൾക്ക് പരിക്കേൽക്കാതിരിക്കാനാണ് ഈ പ്രത്യേക കണ്ണടകൾ നായ്ക്കളെ ധരിപ്പിക്കുന്നത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി വിദേശ ഇനങ്ങൾക്ക് പുറമെ ഇന്ത്യൻ നാടൻ നായ്ക്കളെയും സൈന്യം വലിയ തോതിൽ പരിശീലിപ്പിക്കുന്നുണ്ട്. മുധോൾ ഹൗണ്ട്, രാംപൂർ ഹൗണ്ട്, ചിപ്പിപ്പാറൈ, കൊമ്പൈ, രാജപാളയം എന്നീ ഇന്ത്യൻ ഇനങ്ങളെ ഇതിനോടകം സൈന്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോംബ് കണ്ടെത്താനും ശത്രുക്കളെ നിരീക്ഷിക്കാനും യുദ്ധമുഖത്ത് സഹായിക്കാനുമാണ് ഇവരെ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇതാദ്യമായാണ് കരസേനാ ദിന പരേഡ് സൈനിക താവളത്തിന് പുറത്ത് പൊതുനിരത്തിൽ നടക്കുന്നത്. ജയ്പൂരിലെ മഹൽ റോഡിൽ ആയിരക്കണക്കിന് ആളുകളാണ് ഇത് കാണാൻ തടിച്ചുകൂടിയത്. പരേഡിൽ യഥാർത്ഥ നായ്ക്കൾക്കൊപ്പം ‘റോബോട്ടിക് നായ’യും അണിനിരന്നു. ദുർഘടമായ മലനിരകളിലും മറ്റും ക്യാമറകളുടെ സഹായത്തോടെ നിരീക്ഷണം നടത്താൻ ഇതിന് സാധിക്കും. ബ്രഹ്മോസ് മിസൈലുകൾ, ഭീഷ്മ – അർജുൻ ടാങ്കുകൾ തുടങ്ങിയ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top