‘മാലാഖമാരുടെ പിറവി ഇവിടെയെന്നും ഫ്രീയാണ്….’ പൂനെയിലെ ഡോ.ഗണേശ് രഖിൻ്റെ വാക്കിലെ പൊരുൾ

പൂനെയിലെ ഗണേശ് രഖ് മെഡികെയർ ആശുപത്രിയിൽ ഭാര്യയെ പ്രസവത്തിന് പ്രവേശിപ്പിച്ച ദിവസവേതനക്കാരനായ ഒരാൾ, കുഞ്ഞ് ജനിച്ചതിന് പിന്നാലെ ആശുപത്രിച്ചിലവിനെക്കുറിച്ച് ആശങ്കപ്പെട്ട് ഡോക്ടറെ സമീപിച്ചു. നിങ്ങൾക്ക് ജനിച്ചിരിക്കുന്നത് ഒരു മാലാഖയാണെന്നും മാലാഖമാരുടെ പിറവിക്ക് ഞങ്ങൾ ഫീസീടാക്കില്ലെന്നും ഡോക്ടറുടെ മറുപടി. കിടപ്പാടം പണയം വയ്ക്കേണ്ടി വരുമെന്ന ആധിയോടെയെത്തിയ ആ അച്ഛൻ ഡോക്ടറുടെ കാൽക്കൽവീണു.
പൂനെയിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡി.പ്രശാന്ത് നായർ സോഷ്യൽ മീഡിയയിൽ കുറിച്ച ഇക്കാര്യം ഏറ്റെടുത്ത് വ്യവസായി ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തതോടെയാണ് ഡോ.ഗണേശും അദ്ദേഹത്തിൻ്റെ ആശുപത്രിയും വാർത്തകളിൽ നിറയുന്നത്. പെൺമക്കൾ ബാധ്യതയാകുമെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിനുള്ള സന്ദേശമാണ് ഈ ഡോക്ടർ നൽകുന്നത്. 2007ൽ ആശുപത്രി തുടങ്ങിയത് മുതൽ ഇതുവരെ ആയിരത്തോളം പെൺകുട്ടികളുടെ ജനനം ഇവിടെ സൌജന്യമായി നടന്നിട്ടുണ്ട്.
“രണ്ടു പെൺമക്കളുടെ അച്ഛനെന്ന നിലയിൽ എനിക്കറിയാം ഈ മാലാഖമാർ പിറക്കുമ്പോഴുള്ള ആനന്ദം. രണ്ടുവട്ടം അത് അനുഭവിച്ചതാണ് ഞാൻ. ഈ ഡോക്ടർ തന്നെയൊരു മാലാഖയാണ്. യഥാർത്ഥത്തിൽ ഈയാഴ്ചത്തേക്കുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചോ പ്രവൃത്തികളെക്കുറിച്ചോ ചോദിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ്, ഇങ്ങനെയൊരു വാർത്ത എല്ലാവരെയും അറിയിക്കുന്നതെന്ന് ഞാനോർക്കുകയാണ്” -ഇങ്ങനെയാണ് ആനന്ദ് മഹിന്ദ്ര കുറിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here