ബഡായി പറച്ചില്‍ അല്ലാതെ ഒന്നും ശരിയാകാത്ത പിണറായി ഭരണകാലം; ഡോ : ഹാരീസിനെ പൂട്ടാനുള്ള റിപ്പോര്‍ട്ടിലും വ്യക്തമാകുന്നത് വെന്റിലേറ്ററിലായ ‘സിസ്റ്റം’

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി ഡിപ്പാര്‍ട്ടുമെന്റില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതിന് സര്‍ക്കാര്‍ കുരിശിലേറ്റാന്‍ നോക്കിയ ഡോ ഹാരിസ് ചിറയ്ക്കലിന്റെ വാദങ്ങള്‍ ശരിവെച്ച് നാലംഗ സമിതി റിപ്പോര്‍ട്ട്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ സര്‍ക്കാര്‍ പതിനെട്ട് അടവും പയറ്റിയിട്ടും വിവരാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ മനോരമ ലേഖകന്‍ വി ആര്‍ പ്രതാപ് റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടിവരുന്നു എന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് സഹികെട്ട് മാദ്ധ്യമങ്ങളോടു പരസ്യമായി വെളിപ്പെടുത്തിയിരുന്നു. അതുയര്‍ത്തിയ കോലാഹലത്തിനിടെയാണ് ആരോഗ്യമന്ത്രിയുടെ എല്ലാം സിസ്റ്റത്തിന്റെ തകരാറാണെന്ന പ്രസിദ്ധമായ ഏറ്റുപറച്ചില്‍.
മൂത്രാശയ രോഗികളുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ലിത്തോ ക്ലാസ്റ്റ് പ്രോബ് ആവശ്വപ്പെട്ട് ഡോ ഹാരിസ് സര്‍ക്കാരിനും വകുപ്പ് മേധാവിക്കും കത്ത് നല്‍കിയിരുന്നു. പക്ഷേ, ചട്ടപ്പടി പ്രകാരം ഫയല്‍ നീങ്ങി ഉപകരണം കിട്ടാന്‍ ആറ് മാസമെടുത്തുവെന്ന ഹാരിസിന്റ ആരോപണം സമിതി അംഗങ്ങളും ശരിവെക്കുന്നു.

നമ്പര്‍ വണ്‍ കേരള ആരോഗ്യരംഗമെന്ന പൊങ്ങച്ചം പറച്ചിലിന്റെ ദയനീയ മുഖമാണ് സമിതി റിപ്പോര്‍ട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ ബി പത്മകുമാര്‍, കൊല്ലം മെഡി. കോളജ് ഫോറിന്‍സിക് മേധാവി ഡോ രഞ്ജു രവീന്ദ്രന്‍, കോട്ടയം മെഡി. സൂപ്രണ്ട് ഡോ ടി കെ ജയകുമാര്‍, ആലപ്പുഴ മെഡി കോളജ് നെഫ്രോളജി മേധാവി ഡോ എസ് ഗോമതി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സര്‍ക്കാര്‍ ഒളിച്ചു വെച്ച റിപ്പോര്‍ട്ടാണ് വിവരാവകാശ കമ്മീഷന്‍ പുറത്തുവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here