ഡോക്ടർ തുറന്നുവിട്ട ഭൂതം സര്‍ക്കാരിന്റെ അടിത്തറയ്‌ക്കേറ്റ അടിയായി; അച്ചടക്ക നടപടിയെടുത്ത് മുഖംരക്ഷിക്കാനും വയ്യാത്ത സ്ഥിതിയിൽ ആരോഗ്യവകുപ്പ്

തെരഞ്ഞെടുപ്പ് അടുത്തുക്കുന്തോറും സര്‍ക്കാരിനും ഇടതുമുന്നണിക്കും എതിരായ നിലപാടുകള്‍ കടുപ്പിക്കാൻ തക്കംപാർത്തിരുന്ന പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും നല്ല അവസരമായി ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍. നിലമ്പൂര്‍ പരാജയത്തിൻ്റെ ഞെട്ടലില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ തുടങ്ങാനിരിക്കെ, ഇടതുമുന്നണിക്ക് ഏറ്റ കനത്ത പ്രഹരവുമായി അത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തിൽ ഓപ്പറേഷനുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് നല്ല ഉദ്ദേശത്തിലായിരുന്നു ഹാരിസ് ചിറയ്ക്കല്‍ രംഗത്തുവന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം തന്റെ ജോലിയുമായി ബന്ധപ്പെട്ടത് മാത്രമായിരുന്നു എങ്കിലും മറ്റുള്ളവര്‍ക്ക് അത് നല്ല മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധവുമായി മാറി.

ALSO READ : പെരുമാൾ മുരുകൻ്റെ അവസ്ഥയിലേക്ക് ഡോ.ഹാരിസും!! ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയവരാണ് വേട്ടയാടലിന് പിന്നിലും

ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ അഭിമാനത്തോടെ ഉയര്‍ത്തികാട്ടിയിരുന്നതാണ് കേരളത്തിലെ ആരോഗ്യരംഗം. ഇതിനുമുന്‍പും അവിടുത്തെ വീഴ്ചകളില്‍ ചിലത് പുറത്തു വന്നിട്ടുണ്ടെങ്കിലും അതിനെയൊക്കെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും പ്രത്യേകിച്ച് സി.പി.എമ്മിനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ ഒരു വകുപ്പ് മേധാവി തന്നെ അവിടുള്ള അപര്യാപ്തതകളെക്കുറിച്ച് പരസ്യ പ്രതികരണവുമായി രംഗത്തുവന്നത് സര്‍ക്കാരിനും ഇടതുമുന്നണിക്കും വല്ലാത്ത തിരിച്ചടിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയിലെ സി.പി.ഐ. പോലുള്ള കക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പുമുണ്ട്.

ഡോ: ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഇക്കാര്യം ഉയര്‍ത്തികൊണ്ടുള്ള പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ദിനംപ്രതി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യങ്ങളിൽ നിറയുന്നുമുണ്ട്. സാധാരണക്കാരായ ജനങ്ങളെ ഏറെ ബാധിക്കുന്ന ഒരു വിഷയം എന്ന നിലയില്‍ തന്നെ ഇതിന് പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷവും. അതുകൊണ്ടുതന്നെ ഇക്കാര്യം വിശദീകരിച്ച് സമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റുന്നതിന് സി.പി.എമ്മും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി കേരളത്തിലെ ആരോഗ്യരംത്ത് വമ്പിച്ച കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒുരുപരിധിവരെ ഇക്കാര്യങ്ങള്‍ ശരിയുമാണ്.

ALSO READ : പിണറായി 3.0 സ്വപ്നമാകുമോ? സർക്കാരിന്റെ ആരോഗ്യം സുരക്ഷിതമല്ല; വകുപ്പുമന്ത്രി തലവേദനയാകുമെന്നും ചർച്ചകൾ

എന്നാല്‍ എന്തൊക്കെ അടിസ്ഥാനസൗകര്യ പുരോഗതി ഉണ്ടായാലും അടിയന്തിരമായി വേണ്ട വസ്തുക്കളുടെ അഭാവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കും എന്നതാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. മരുന്നുകളും മറ്റ് ഉപകരണങ്ങളും സംഭരിക്കുന്ന ചട്ടങ്ങളിലെ പ്രശ്‌നങ്ങളാണ് ഇതിന് വഴിവയ്ക്കുന്നത് എന്നത് എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്. അത് അത്ര വേഗത്തിലൊന്നും മാറ്റാൻ കഴിയുന്നതുമല്ല. അതിന് മുതിര്‍ന്നാല്‍ കോവിഡ് കാലത്ത് അടിയന്തിരമായി നടത്തിയ സംഭരണംപോലും വിവാദമായതു പോലെ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ഇതൊന്നും അറിയേണ്ടതില്ല. അതുകൊണ്ടുതന്നെ വിഷയം സങ്കീര്‍ണ്ണമാകുകയുമാണ്.

തിരുവനന്തപുരം ജില്ലാകലക്ടര്‍ വേണ്ടനിലയില്‍ ഇടപെട്ടില്ല എന്നതാണ് ഡോക്ടറുടെ പരാതിയ്ക്ക് കാരണമായ ഒരു വസ്തുത. മറ്റൊന്ന് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും അത് ഗൗരവത്തില്‍ എടുത്തില്ല എന്നതും. എന്തായാലും വിവാദമായതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഡോക്ടറുടെ പരസ്യപ്രതികരണത്തില്‍ സര്‍ക്കാരിലും സി.പി.എമ്മിലും കടുത്ത എതിര്‍പ്പുണ്ട്. എത്ര നല്ല ഡോക്ടര്‍ ആയാലും സംവിധാനത്തിൻ്റെ ഉള്ളില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങളില്‍ ഇത്തരത്തിലുള്ള പരസ്യപ്രതികരണം ശരിയായില്ലെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനും സി.പി.എമ്മിനുമുള്ളത്. എന്നാല്‍ വിഷയം ഇത്രയും വിവാദമായ പശ്ചാത്തലത്തില്‍ തല്‍ക്കാലം അദ്ദേഹത്തിനെതിരെ ഒരു നടപടിക്കുള്ള സാദ്ധ്യതയില്ല.

ALSO READ : ചുമതല ജൂനിയറിന് കൈമാറി; ബൈക്കിന് പെട്രോള്‍ അടിക്കേണ്ട പൈസ മാത്രം മതി; സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയാറായി ഡോ: ഹാരിസ്

പകരം ഇക്കാര്യത്തിലുണ്ടായിട്ടുള്ള നഷ്ടം നികത്താനുള്ള ശ്രമമാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും നടക്കുന്നത്. ഡാമേജ് കൺട്രോളിനായി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് നടക്കുന്ന ഊർജിത ശ്രമങ്ങള്‍ യു.ഡി.എഫിനും അല്‍പ്പം ബാദ്ധ്യതയാകുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്തെ ആരോഗ്യ സംവിധാനത്തിന്റെ സ്ഥിതിയേയും നിലവിലെ അവസ്ഥയേയും ചൂണ്ടിക്കാട്ടിയാണ് ഇടതുസൈബറിടങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നത്. അതിനാവശ്യമായ മരുന്ന് മന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നല്‍കുന്നുമുണ്ട്. ഏറെ പ്രതിച്ഛായാ നഷ്ടമുണ്ടാക്കിയ വിഷയം എത്രയും വേഗം നല്ല നിലയില്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സി.പി.എമ്മും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top