വീഴ്ച കണ്ടാലും മിണ്ടാതിരിക്കണം; ഡോ.ഹാരിസിലൂടെ ഇടത് സഹയാത്രികര്‍ക്ക് സിപിഎം നല്‍കുന്ന സന്ദേശം

ഏത് ഇടത് സഹയാത്രികനായാലും സര്‍ക്കാരിന്റെ വീഴ്ചകളില്‍ മൗനം പാലിക്കണം. പിണറായി ഭരണകാലത്ത് സഹയാത്രികര്‍ക്ക് സിപിഎം നല്‍കുന്ന പുതിയ സന്ദേശമാണിത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞ ഡോക്ടര്‍ ഹാരിസിനെ കൈകാര്യം ചെയ്താണ് ഈ സന്ദേശം പുറത്തേക്ക് വിടുന്നത്. കടുത്ത സിപിഎം സഹയാത്രികനാണ് ഹാരിസ് ചിറക്കല്‍. കൂടാതെ തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവും. എന്നാല്‍ അതൊന്നും സിപിഎമ്മിലെ ഉന്നത നേതൃത്വം പരിഗണിക്കുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിമര്‍ശനത്തിന് തുടക്കം കുറിച്ചത് എന്നതും ശ്രദ്ധേയമാണ്. പൊതുസമൂഹത്തില്‍ ഡോക്ടറുടെ തുറന്ന് പറച്ചിലിന് സ്വീകാര്യത ലഭിക്കുകയും പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി തന്നെ രംഗത്ത് ഇറങ്ങിയത്. കണ്ണൂര്‍ മേഖലാതല അവലോകന യോഗത്തില്‍ ഡോ.ഹാരിസിന്റെ പേര് പറഞ്ഞില്ലെങ്കിലും ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.
ഇന്നലെ മിണ്ടാതിരുന്നവരെല്ലാം ഇന്ന് രംഗത്ത് എത്തിയതും മുഖ്യമന്ത്രി പച്ചക്കൊടി വീശിയതോടെയാണ്. ലോകോത്തര ആരോഗ്യ സംവിധാനത്തെ മോശമായി ചിത്രീകരിച്ചു, പ്രതിപക്ഷത്തിന് ആയുധം നല്‍കി തുടങ്ങിയ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസിനെ ആക്രമിക്കുകയാണ് സിപിഎം സെക്രട്ടറിയും മന്ത്രിമാരും. കോവിഡ് കാലത്ത് അമേരിക്ക പോലും വിറങ്ങലിച്ചപ്പോള്‍ കേരളം പിടിച്ചു നിന്നത് ആരോഗ്യമേഖലയിലെ കരുത്തുകൊണ്ടാണ്. അതിനെ ചെറിയ വിഷയത്തിന്റെ പേരില്‍ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സിപിഎം പറഞ്ഞുവയ്ക്കുന്നത്.
ഇതൊരു തുടക്കം മാത്രമായി കണ്ടാല്‍ മതി. കൂടുതല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഹാരിസിനെതിരെ ഉറപ്പാണ്. ഒപ്പം സര്‍ക്കാര്‍ തലത്തില്‍ നിന്നും അച്ചടക്ക നടപടിയും. സോഷ്യല്‍ മീഡിയയിലെ സൈബര്‍ കേന്ദ്രങ്ങളും സജീവമാകാനുള്ള തായാറെടുപ്പിലാണ്. ഇതിനിടയില്‍ ഡോ.ഹാരിസ് താന്‍ അടിയുറച്ച ഇടത് സഹയാത്രികനാണെന്നും മുഖ്യമന്ത്രി ഗുരുതുല്യനാണെന്നും പറയുന്നതൊന്നും ഇവര്‍ കേള്‍ക്കുന്നേയില്ല. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി കാത്തുകെട്ടി കിടക്കുന്ന സാധാരണക്കാരായ രോഗികളുടെ ദുരിതങ്ങള്‍ ഇവര്‍ ശ്രദ്ധിക്കുന്നതുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here