കൃഷ്ണൻനായർ പുരസ്കാരം ജികെ രഥിന്; കാൻസർ ചികിത്സാ രംഗത്തെ മികവിന്

തിരുവനന്തപുരം ഓങ്കോളജി ക്ലബിൻ്റെ സ്ഥാപക പ്രസിഡന്റും പ്രശസ്ത കാൻസർ രോഗ വിദഗ്ധനുമായ പത്മശ്രീ ഡോ എം കൃഷ്ണൻനായരുടെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരമാണ് പ്രൊഫ ജികെ രഥിന് ലഭിച്ചത്. കാൻസർ ചികിത്സാ രംഗത്തെ മികച്ച സംഭാവനകൾ മാനിച്ചാണ് നാലാമത് പുരസ്‌കാരം.
ഡൽഹി എയിംസിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മേധാവിയും റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൻ്റെ തലവനുമാണ് അദ്ദേഹം. കാൻസർ രോഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഗവേഷണം, തുടർവിദ്യാഭ്യാസം എന്നിവയ്ക്കായി മികച്ച പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ട്.
രോഗികൾക്കായുള്ള ചികിത്സ മെച്ചപ്പെടുത്തുന്നതിലും ക്ലിനിക്കൽ പ്രാക്ടീസിലേക്ക് പുതിയ സംവിധാനങ്ങൾ കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കാൻസർ ചികിത്സാ പ്രോട്ടോക്കോളുകൾ നിർണയിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കാൻസർ നേരത്തെ കണ്ടെത്തി അതിന് ചികിത്സ നൽകാനും ജനങ്ങൾക്ക് ബോധവത്കരണവും നൽകിയിരുന്നു.
ക്ലിനിക്കൽ പ്രാക്ടീസിനപ്പുറമാണ് അദ്ദേഹത്തിന്റെ സംഭാവനകൾ. ജീവിതം തന്നെ കാൻസർ രോഗ പരിചരണത്തിനായി സമർപ്പിച്ചിരുന്നു. തൻ്റെ ശ്രമങ്ങളിലൂടെ, ഇന്ത്യയിലെ കാൻസർ ചികിത്സയുടെയും ഗവേഷണത്തിൻ്റെയും മാർഗരേഖ രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.
ഒരു മികച്ച ഡോക്ടർ എന്നതിന് പുറമെ മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്നു. അവാർഡ് നിർണയ സമിതി ചെയർമാൻ പ്രൊഫ ടികെ പദ്മനാഭൻ ഡോ ചന്ദ്രമോഹൻ, ഡോ ബോബൻ തോമസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ഈ മാസം 26ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here