തെറ്റ് സമ്മതിച്ച് ഡോക്ടർ; ശബ്ദ രേഖ പുറത്ത്; റിപ്പോർട്ട് തേടി ഡിഎംഒ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ശാസ്ത്രക്രിയയിൽ പിഴവ് പറ്റിയെന്ന് ഡോക്ടർ സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്. 23 കാരിയായ സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയക്കിടയിൽ പിഴവ് പറ്റിയെന്ന് ഡോ.രാജിവ് കുമാർ രോഗിയുടെ ബന്ധുവിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ പറയുന്നു. എക്സ്റേയിൽ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നത്.
2023 മാർച്ച് 22നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ ഡോ.രാജിവ് കുമാർ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയർ തിരികെ എടുത്തു മാറ്റുന്നതിൽ ആരോഗ്യ പ്രവർത്തകൻ അനാസ്ഥ കാട്ടുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ആഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ യുവതി, വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് അടുത്ത രണ്ട് വർഷത്തോളം ഇതേ ഡോക്ടറുടെ അടുത്ത് തന്നെ ചികിത്സ തുടർന്നു. പക്ഷെ ശ്വാസതടസം കടുത്തതോടെ സുമയ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് എക്സ്റേ പരിശോധനയിൽ നെഞ്ചിനകത്ത് ഗൈഡ് വയർ കണ്ടെത്തി.
Also Read : കത്തുകൾ പുറത്തുവിട്ട് ഡോ.ഹാരിസ്; പ്രതികരിച്ചത് വൈകാരികമായി.. ആരോഗ്യവകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു
ഇതോടെ യുവതി വീണ്ടും ഡോ. രാജീവ് കുമാറിനെ സമീപിക്കുകയും അദ്ദേഹം പിഴവ് സമ്മതിക്കുകയും ചെയ്തു. മറ്റാരോടും പറയരുതെന്നും കീ ഹോൾ വഴി ട്യൂബ് എടുത്ത് നൽകാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട്, ഈ ഡോക്ടറുടെ നിർദേശ പ്രകാരമാണ് യുവതി ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടിയത്. സിടി സ്കാൻ പരിശോധനയിൽ വയർ രക്തക്കുഴലുമായി ഒട്ടിപ്പോയതായി കണ്ടെത്തി.
ഇതോടെ, ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടർ കൈയൊഴിഞ്ഞതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതരോ ശസ്ത്രക്രിയ നടത്തിയ ഡോക്ടറോ വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ ഡിഎംഒ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here