മുസ്ലിം മതം ഉപേക്ഷിച്ചയാൾ, ഡോക്ടർ, അഭയാർത്ഥി, ഇസ്ലാം വിമർശകൻ, തീവ്ര വലതുപക്ഷവാദി… ആരാണ് ക്രിസ്മസ് മാർക്കറ്റ് ആക്രമണം നടത്തിയ ഡോ. തലേബ്

ജർമനിയിലെ മഗ്‌ഡെബർഗിൽ തിരക്കേറിയ ക്രിസ്‌മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ ആൾ പിടിയിൽ. അമ്പതുകാരനായ തലേബ് എന്ന ഡോക്ടറാണ് അറസ്റ്റിലായത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണ്.
സൗദിയിൽ ജനിച്ച തലേബ് 2006 മുതൽ ജർമനിയിലാണ് താമസം. സൈക്യാട്രിയിലും സൈക്കോതെറാപ്പിയിലും ഇയാൾക്ക് വൈദഗ്ധ്യമുണ്ട്. മുസ്ലിം മതം ഉപേക്ഷിച്ച ഇയാൾ ഇസ്ലാമിൻ്റെ കടുത്ത വിമർശകൻ കൂടിയാണ്. കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപക്ഷ ജർമ്മൻ രാഷ്ട്രീയ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനിയെ (എഎഫ്‌ഡി) പിന്തുണയ്ക്കുന്ന ആളാണ് തലേബ്.
2006ൽ ജർമ്മനിയിൽ സ്ഥിര താമസാനുമതി നേടിയ ഇയാൾ 2016 മുതൽ അഭയാർത്ഥിയായി അംഗീകരിക്കപ്പെട്ടു. ഇസ്ലാം മതം മാത്രം അംഗീകരിക്കുന്ന സൗദി അറേബ്യയിൽ തൻ്റെ നിരീശ്വര ചിന്തകളും വീക്ഷണങ്ങളും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാത്തതിനാലാണ് അദ്ദേഹം യൂറോപ്പിലേക്ക് കുടിയേറിയത്.
മുസ്ലിം മതം ഉപേക്ഷിച്ചവരെ സൗദിയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്നതിന് Wearesaudi.net എന്ന വെബ്‌സൈറ്റ് ഇയാൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തീവ്രവാദം, മിഡിൽ ഈസ്റ്റിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൗദി അറേബ്യ കുറ്റവാളി പട്ടികയിൽപ്പെടുത്തിയ ആളാണ് തലേബ്. മുമ്പ് സൗദി ആവശ്യപ്പെട്ടിട്ടും ഇയാളെ കൈമാറാൻ ജർമ്മനി തയ്യാറായിരുന്നില്ല. ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ തലേബിന് അഭയം നൽകുകയായിരുന്നു.
ഇന്നലെ വെകിട്ട് പ്രാദേശിക സമയം ഏഴുമണിയോടെ കറുത്ത ബിഎംഡബ്യൂ കാർ ആൾക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച വാഹനം ഇയാൾ വാടകയ്ക്ക് എടുത്തതാണെന്നും ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here