ശത്രുവിനെ ചാരമാക്കാൻ ഇന്ത്യയുടെ ‘റെയിൽഗൺ’; വെടിയുണ്ടയല്ല, മിന്നൽപ്പിണർ

വെടിയുണ്ടയെക്കാൾ വേഗതയിൽ പായുന്ന ഒരു ലോഹകഷണം. അതിന് മാരകമായ പ്രഹരശേഷിയും. ഇത് വെറും സങ്കൽപ്പമല്ല, ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ നടക്കുന്ന നിശബ്ദവിപ്ലവത്തിന്റെ അടയാളങ്ങളാണ്. പൂനെയിലെ ഡിആർഡിഒ ലാബിൽ ഒരു അത്ഭുത ആയുധം പിറവിയെടുക്കുന്നു, ഇലക്ട്രോ മാഗ്നറ്റിക് റെയിൽഗൺ. വെടിമരുന്നില്ല, സ്ഫോടക വസ്തുക്കളില്ല, വെറും വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ മാരകായുധം. ലോകത്തെ വൻശക്തികൾ മാത്രം കൈവശം വെച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുമ്പോൾ അയൽരാജ്യങ്ങളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. നമ്മുടെ പണിപ്പുരയിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന വജ്രായുധത്തിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നമ്മൾ സാധാരണ കാണുന്ന തോക്കുകളിലോ പീരങ്കികളിലോ വെടിമരുന്ന് കത്തുമ്പോഴുണ്ടാകുന്ന ഗ്യാസ് ആണ് ഉണ്ടയെ പുറത്തേക്ക് തള്ളുന്നത്. എന്നാൽ റെയിൽഗണ്ണിന്റെ കഥ വേറെയാണ്. രണ്ട് സമാന്തരമായ ലോഹപ്പാളികൾ വഴി അതിശക്തമായ വൈദ്യുതി കടത്തിവിടുമ്പോൾ അവിടെ ഒരു ‘ലോറന്റ്സ് ഫോഴ്സ്’ (Lorentz Force) എന്ന കാന്തിക ബലം ഉണ്ടാകുന്നു. അതാണ് ഈ ആയുധത്തിനുള്ളിലെ പ്രൊജക്റ്റൈലിനെ അഥവാ ആ ലോഹക്കട്ടയെ വെടിയുണ്ടയേക്കാൾ വേഗതയിൽ പുറത്തേക്ക് തെറിപ്പിക്കുന്നത്. 2.5 മെഗാ ആംപിയർ കറന്റാണ് അതിന് വേണ്ടി ഉപയോഗിക്കുന്നത്. ഒരു ചെറിയ മിന്നൽപ്പിണർ തന്നെയാണ് ആയുധത്തിനുള്ളിലേക്ക് പ്രവഹിക്കുന്നത്.
Also Read : ചൈനയെ പൂട്ടാൻ ഇന്ത്യൻ ആയുധങ്ങൾ; മറ്റ് വഴികളില്ലാതെ ഫിലിപ്പീൻസ്
ഇനി അതിന്റെ വേഗതയെ പറ്റി നോക്കാം. റെയിൽഗണ്ണിൽ നിന്ന് പുറപ്പെടുന്ന ലോഹക്കട്ട സെക്കൻഡിൽ 2,000 മീറ്റർ വേഗതയിലാണ് പായുന്നത്. അതായത് ശബ്ദവേഗതയേക്കാൾ 6 മടങ്ങ് അധികം വേഗത്തിൽ. ഇതിനെയാണ് നമ്മൾ ‘ഹൈപ്പർസോണിക്’ എന്ന് വിളിക്കുന്നത്. ഇത്രയും വേഗതയിൽ ഒരു വസ്തു വന്നിടിച്ചാൽ അവിടെ സ്ഫോടകവസ്തുക്കളുടെ ആവശ്യമില്ല. ആ ആഘാതത്തിൽ ശത്രുവിന്റെ കപ്പലോ ബങ്കറോ ചാരമായി മാറും. 200 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തെപ്പോലും കണ്ണുചിമ്മുന്ന വേഗതയിൽ തകർക്കാൻ റെയിൽഗണ്ണിന് കഴിയും.
ഇതിന് മിസൈലുകളെക്കാൾ ചിലവ് കുറവാണ്. ഒരു മിസൈൽ അയക്കാൻ കോടികൾ വേണം, എന്നാൽ റെയിൽഗൺ ഷോട്ടുകൾക്ക് ലക്ഷങ്ങൾ മാത്രം മതി. കൂടാതെ അത് കൂടുതൽ സുരക്ഷിതമാണ്. യുദ്ധക്കപ്പലുകളിലും ടാങ്കുകളിലും സ്ഫോടകവസ്തുക്കൾ സൂക്ഷിക്കേണ്ടതില്ല. ഏറ്റവും പ്രധാന സവിശേഷത എതിരാളികൾക്ക് ആക്രമണം തടുക്കാൻ കഴിയില്ല എന്നത് തന്നെയാണ്. ഏത് റഡാറിനെയും വെട്ടിച്ച് നിമിഷനേരം കൊണ്ട് ലക്ഷ്യത്തിലെത്താൻ ഇതിന് സാധിക്കും.
Also Read : ഗ്രീൻലാൻഡിന് മേൽ കണ്ണു വച്ച് അമേരിക്ക; രക്ഷക്കായി ഇന്ത്യ എത്തുമോ?
അത്യാധുനികമായ ഈ സംവിധാനം നിർമ്മിച്ചെടുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യ. പൂനെയിലെ പ്രത്യേക സെന്ററിൽ ഇതിനായുള്ള പരീക്ഷണങ്ങൾ രാപ്പകൽ നടക്കുകയാണ്. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ടാറ്റയും ഭാരത് ഫോർജും പോലുള്ള സ്വകാര്യ കമ്പനികളും ഈ കുതിപ്പിൽ ഇന്ത്യക്കൊപ്പം ചേരാൻ സാധ്യതയുണ്ട്. ചൈനയും അമേരിക്കയും ജപ്പാനും പരീക്ഷിക്കുന്ന അതേ സാങ്കേതികവിദ്യ മെയ്ഡ് ഇൻ ഇന്ത്യ ആയി നമ്മുടെ അതിർത്തിയിൽ എത്താൻ പോകുന്നു.
ഇത് കേവലം ഒരു ആയുധമല്ല, ഇന്ത്യയുടെ ശാസ്ത്ര കരുത്തിന്റെ പ്രതീകമാണ്. ആത്മനിർഭർ ഭാരതത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പ്. ഈ റെയിൽഗൺ വരുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലും അതിർത്തികളിലും നമ്മൾ കൂടുതൽ കരുത്തരാകും. സാങ്കേതികവിദ്യയിൽ നമ്മൾ പിന്നിലാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ‘റെയിൽഗൺ’. ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളിൽ നിന്ന് സ്വയം നിർമ്മിക്കുന്ന അത്ഭുതങ്ങളിലേക്കുള്ള ദൂരം ഇന്ത്യ താണ്ടിക്കഴിഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here