യുദ്ധവിമാനത്തിൽ നിന്നൊരു പാരച്യൂട്ട് ചാട്ടം; ഏതു ലക്ഷ്യത്തിലേക്കും പറന്നിറങ്ങാൻ സേനയെ സജ്ജമാക്കി മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം

അനന്തമായ ആകാശത്ത് ഇന്ത്യയുടെ പടയൊരുക്കം. 32,000 അടി ഉയരത്തിൽ നിന്ന് നമ്മുടെ സൈനികർ ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുന്നു, ഞങ്ങൾ സജ്ജരാണ്. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് അഭിമാനമായി മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം. പ്രതിരോധ മേഖലയിലും സ്വദേശി നയം നടപ്പിലാക്കുന്നു എന്ന ധീരമായ പ്രഖ്യാപനം ഇന്ത്യ നടത്തിയത് പ്രവർത്തിയിലൂടെയാണ്. 32,000 അടി ഉയരത്തിൽ പറന്നു പൊങ്ങിയ യുദ്ധ വിമാനത്തിൽ നിന്നും ഒരു കോംബാറ്റ് ഫ്രീഫാൾ ജമ്പ് നടത്തി കൊണ്ട് ഇന്ത്യൻ സോൾജിയേഴ്‌സ് ആ പ്രഖ്യപനത്തിന് അടിവരയിടുകയായിരുന്നു. തദ്ദേശീയമായി നിർമ്മിച്ച മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം (എം.സി.പി.എസ്) ഉപയോഗിച്ച് കൊണ്ട് ആകാശത്ത് നിന്നും ഭൂമിയിലേക്ക് അവർ പറന്നിറങ്ങിയത് ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം മുറുകെ പിടിച്ചു കൊണ്ടായിരുന്നു. അതിവേഗത്തിൽ പാഞ്ഞ് പോകുന്ന വിമാനത്തിൽ നിന്നും പാരച്യൂട്ടിന്റെ സഹായത്തോടെ ടീമായി ഭൂമിയിൽ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക് പറന്നിറങ്ങുന്നതാണ് ദൗത്യം.
ഇന്ത്യൻ വ്യോമസേനയിലെ മിടുക്കരായ പരീക്ഷണ ജമ്പർമാർ വിംഗ് കമാൻഡർ വിശാൽ ലഖേഷ്, മാസ്റ്റർ വാറൻ്റ് ഓഫീസർ ആർ.ജെ. സിംഗ്, മാസ്റ്റർ വാറൻ്റ് ഓഫീസർ വിവേക് തിവാരി. സല്യൂട് സോൾജിയേഴ്സ്. വിദേശ സഹായമില്ലാതെ, ഇന്ത്യൻ മണ്ണിൽ നിന്നും പിറവിയെടുത്ത പ്രതിരോധ സംവിധാനം കാര്യക്ഷമാണെന്ന് ലോകത്തിന് കാട്ടി കൊടുക്കാൻ 9 കിലോമീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പറന്നിറങ്ങികൊണ്ട് പുതിയ ചരിത്രം രചിച്ചതിന്.

25,000 അടിക്ക് മുകളിൽ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഇന്ത്യയുടെ ഏക പാരച്യൂട്ട് സംവിധാനമാണിത്. ആഗ്ര ആസ്ഥാനമായുള്ള ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ്, ബെംഗളൂരുവിലെ ഡിഫൻസ് ബയോ എൻജിനീയറിംഗ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറി എന്നിവ സംയുക്തമായാണ് ഈ അത്യാധുനിക സംവിധാനം വികസിപ്പിച്ചത്.
രാജ്യത്തിൻ്റെ പ്രതിരോധ ശേഷിക്ക് വൻ കുതിപ്പേകുന്ന ഈ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ ടീമിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്ത കൈവരിക്കുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഇന്ത്യൻ സൈനികരുടെ ആകാശ പ്രകടനം. തദ്ദേശീയ പാരച്യൂട്ട് സംവിധാനത്തിൻ്റെ വരവോടെ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നത് പൂർണ്ണമായും കുറയും.
Also Read : പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇങ്ങനെ…. വീണ്ടും വിശദീകരിച്ച് വ്യോമസേനാ മേധാവി
അതിനൊപ്പം ISRO തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ കൂടെ കൂടുമ്പോൾ വ്യോമസേനയുടെ മുന്നേറ്റത്തിന് വലിയ കുതിച്ച് ചാട്ടമുണ്ടാകും. യുദ്ധസന്ദർഭങ്ങളിൽ മറ്റ് രാജ്യങ്ങൾ സിഗ്നൽ നിഷേധിക്കുകയോ ഉപഗ്രഹ സംവിധാങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്താലും ഇന്ത്യൻ വ്യോമദൗത്യങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാകില്ല. തന്ത്രപരമായ ആകാശ ദൗത്യങ്ങളിൽ ഇന്ത്യ പൂർണ്ണ സ്വയംഭരണം ഉറപ്പാക്കിയിരിക്കുന്നു.
ആകാശത്തുനിന്നും പറന്നിറങ്ങി കൂടുതൽ ദൂരം ഗ്ലൈഡ് ചെയ്തു എതിരാളികളുടെ താവളത്തിലേക്ക് കടന്നു കയറാൻ മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം ഇന്ത്യൻ സൈന്യത്തെ സഹായിക്കും. എതിർപാളയത്തിലേക്ക് കൊടുങ്കാറ്റ് പോലെ കടന്ന് ചെന്ന് പ്രഹരം ഏൽപ്പിച്ചു മടങ്ങിവരാൻ ഇന്ത്യൻ സൈനികർക്ക് ഇനി പുതിയൊരു ആയുധം. സ്വയം പര്യാപ്തതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ വളർച്ച എതിരാളികളുടെ നെഞ്ചിടിപ്പേറ്റുകയാണ്.
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം! ഇതാണ് ആത്മനിർഭർ ഭാരതം! ഇതാണ് ഇന്ത്യൻ സൈനിക ശക്തി! ലോകോത്തര സാങ്കേതികവിദ്യയിൽ നമ്മൾ മുന്നോട്ട്! ഈ കരുത്ത്, ഈ വളർച്ച… ഇത് എതിരാളികളുടെ ഉറക്കം കെടുത്തും!

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here