ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി; പക്ഷേ കുടിക്കാൻ കൊടുത്തത് വിഷജലം! മരണം 8 ആയി!

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. നഗരത്തിലെ ഭാഗീരത്പുര പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. പൈപ്പ് ലൈനിലെ ചോർച്ചയെത്തുടർന്ന് കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.
അനാസ്ഥ കാട്ടിയ രണ്ട് മുൻസിപ്പൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും ഒരു പബ്ലിക് ഹെൽത്ത് എഞ്ചിനീയറെ ജോലിയിൽ നിന്ന് നീക്കം ചെയ്യാനും മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.
ഡിസംബർ 25ന് വിതരണം ചെയ്ത വെള്ളത്തിന് അസാധാരണമായ രുചിയും ഗന്ധവും ഉള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നൂറിലധികം ആളുകൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുടിവെള്ള പൈപ്പിൽ വിഷാംശമുള്ള മറ്റെന്തെങ്കിലും കലർന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭയ്ക്കും മേയർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോൺഗ്രസും ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം വരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും ഇന്ന് അത് എട്ടായി ഉയരുകയായിരുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇൻഡോറിൽ ഉണ്ടായ ഈ വീഴ്ച വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here