‘അവൻ പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും’; ദൃശ്യയുടെ കുടുംബം ഭീതിയിൽ; നാല് ദിവസം പിന്നിട്ടും വിനീഷിനെ പിടികൂടാനാകാതെ പൊലീസ്

കേരളത്തെ നടുക്കിയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് വിനോദ് (25) കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തടവുചാടിയിട്ട് ഇന്നേക്ക് നാലാം ദിവസം. തിങ്കളാഴ്ച രാത്രി അതീവ സുരക്ഷയുള്ള ഫോറൻസിക് വാർഡിൽ നിന്നും ബാത്റൂമിന്റെ ഭിത്തി തുരന്ന് രക്ഷപ്പെട്ട പ്രതിയെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. വിനീഷിനായി കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബന്ധുവീടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് പുറത്തുനിന്ന് ആരെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പത്താം വാർഡായ ഫോറൻസിക് വാർഡിലായിരുന്നു വിനീഷിനെ പാർപ്പിച്ചിരുന്നത്. വിനീഷിനെ നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. അവിടെ വച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാസങ്ങൾക്ക് മുൻപ് കുതിരവട്ടത്തേക്ക് മാറ്റിയത്. പ്രതി വീണ്ടും രക്ഷപ്പെട്ടത് പോലീസിനും ആരോഗ്യവകുപ്പിനും വലിയ തലവേദനയായിരിക്കുകയാണ്. രണ്ടാം തവണയാണ് വിനീഷ് കുതിരവട്ടത്ത് നിന്നും രക്ഷപ്പെടുന്നത്. നേരത്തെ 2022 ലും ചികിത്സയിലിരിക്കെ ഇയാൾ ഇവിടെ നിന്നും തടവുചാടിയിരുന്നു. പിന്നീട് പോലീസിന്റെ പിടിയിലായി. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവമുണ്ടായി.
Also Read : ‘ബ്രേക്ക് അപ്പിന്’ ശേഷം അശ്ലീലസന്ദേശം; മുൻ കാമുകി യുവാവിനെ ആക്രമിച്ചത് രേണുകാ സ്വാമി കൊലക്കേസ് മാതൃകയിൽ
2021 ജൂണിലാണ് പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനിയായ ദൃശ്യ (21) എന്ന നിയമവിദ്യാർത്ഥിനിയെ വിനീഷ് വിനോദ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. ദൃശ്യയെ തടയാൻ ശ്രമിച്ച സഹോദരി ദേവശ്രീയെയും ഇയാൾ മാരകമായി കുത്തി പരിക്കേൽപ്പിച്ചിരുന്നു. കൊലപാതകം നടത്തുന്നതിന് തൊട്ടുമുൻപ് ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട് വീട്ടുകാരെ അവിടേക്ക് മാറ്റാനും വിനീഷ് ശ്രമിച്ചിരുന്നു. ദൃശ്യയുടെ കുടുംബം ഈ വാർത്ത അറിഞ്ഞതോടെ ഭീതിയിലാണ്. പ്രതിയെ എത്രയും വേഗം പിടികൂടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. “അവൻ പുറത്തിറങ്ങുന്നത് ഞങ്ങൾക്ക് വലിയ ഭീഷണിയാണ്, ഏത് നിമിഷവും അവൻ വീട്ടിലേക്ക് വരുമെന്ന് പേടിയുണ്ട്” എന്നാണ് ദൃശ്യയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here