പോലീസിനെ വെട്ടിക്കാൻ വീടിനടിയിൽ തുരങ്കം! മീററ്റിലെ ലഹരിവേട്ട നാടകീയം

ഉത്തർപ്രദേശിലെ മീററ്റിൽ സിനിമയെ വെല്ലുന്ന രീതിയിൽ വീടിനടിയിൽ രഹസ്യ അറ നിർമ്മിച്ച് ലഹരിമരുന്ന് കടത്ത്. വിവരമറിഞ്ഞ് റെയ്ഡിനെത്തിയ പോലീസിനെ വെട്ടിച്ചാണ് മാഫിയ തലവനയാ തസ്‌ലിം 15 അടി താഴ്ചയുള്ള രഹസ്യ അറയിലൂടെ രക്ഷപെട്ടത്. 70ഓളം കേസുകളിൽ പ്രതിയായ തസ്‌ലിമിനെ പിടികൂടാൻ പോലീസ് എത്തിയപ്പോഴായിരുന്നു ഈ നാടകീയ നീക്കങ്ങൾ.
ലഹരിമരുന്ന് ഒളിപ്പിച്ചുവയ്ക്കാനാണ് തസ്‌ലിം വീടിനടിയിൽ ആധുനികമായ രഹസ്യ അറ നിർമ്മിച്ചത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ഈ അറയ്ക്കുള്ളിൽ കല്യാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കസേരകളും കാർപ്പറ്റുകളും നിറച്ചിരുന്നു. ഇതിനടിയിലാണ് ഇയാൾ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് വീട് വളഞ്ഞപ്പോൾ ഈ അറയ്ക്കുള്ളിലെ ഇടുങ്ങിയ വഴിയിലൂടെ ഇയാൾ പുറത്തേക്ക് കടക്കുകയായിരുന്നു.
തസ്‌ലിമിന്റെ മകൻ ഷഹബാസിനെയും സഹായി സൽമാനെയും 500 ഗ്രാം കഞ്ചാവുമായി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തസ്‌ലിമിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ലഹരിമരുന്ന് കടത്താൻ തസ്‌ലിം കൊച്ചു കുട്ടികളെപ്പോലും ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാൾക്ക് മുൻപ് പലതവണ ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു.
ഈ മാസം മാത്രം മീററ്റിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇൻവർട്ടറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 72.9 കിലോ കഞ്ചാവുമായി നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജയ്പൂർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത്. തസ്‌ലിമിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ഇയാളുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here