ജയിലിലെ ‘ഫ്രൂട്ട്സ് ആൻഡ് ഡ്രഗ്സ്’ ഡെലിവറി പാളി! ഉദ്യോഗസ്ഥന്റെ അടിവസ്ത്രത്തിലും കഞ്ചാവ്

കർണാടകയിലെ ഷിമോഗ സെൻട്രൽ ജയിലിൽ ലഹരിമരുന്നും സിഗരറ്റുകളും കടത്താനുള്ള രണ്ടു ശ്രമങ്ങൾ പൊലീസ് തകർത്തു. ജയിൽ കാന്റീനിന്റെ നിർദ്ദേശപ്രകാരമാണ് അഞ്ച് ചാക്ക് വാഴപ്പഴം എത്തിച്ചത്. കൊണ്ട് വന്ന ഓട്ടോ ഡ്രൈവർ ചാക്ക് ജയിൽ ഗേറ്റിന് പുറത്തുവച്ച് വേഗത്തിൽ കടന്നുകളഞ്ഞു.
ജയിൽ സുരക്ഷാ ജീവനക്കാർ ഈ ചാക്കുകൾ പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് ശ്രമം പുറത്തായത്. ചാക്കുകൾ തുറന്നിട്ടിരിക്കുന്നതായി കണ്ട് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ 123 ഗ്രാം കഞ്ചാവും സിഗരറ്റുകളും ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
വാഴക്കുലയിലെ കള്ളക്കടത്ത് പരിശോധിക്കുന്നതിനിടെ, ജോലിക്ക് പ്രവേശിക്കാനെത്തിയ സത്‌വിക് എന്ന ജയിൽ ജീവനക്കാരനെയും അധികൃതർ പരിശോധിച്ചു. ഇയാൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 170 ഗ്രാം കഞ്ചാവുമായി പിടിയിലായി. ഇതും വാഴക്കുലയിൽ ഒളിപ്പിച്ചതിന് സമാനമായ രീതിയിൽ പൊതിഞ്ഞതായിരുന്നു. സത്‌വിക്കിനെ ഉടൻ തന്നെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
കള്ളക്കടത്തിന് ഉപയോഗിച്ച രീതിയിലെ സമാനതകളും സമയവും കണക്കിലെടുക്കുമ്പോൾ, വാഴക്കുല പുറത്തുനിന്നുള്ള കൈമാറ്റത്തിനും, ജീവനക്കാരൻ അകത്തേക്കുള്ള കൈമാറ്റത്തിനുമുള്ള കണ്ണിയുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ തുംഗാനഗർ പൊലീസ് കേസെടുത്തു. ജയിലിലെ കൂടുതൽ ജീവനക്കാർക്കോ പുറത്തുള്ളവർക്കോ ഇതിൽ പങ്കുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഈ സംഭവം നടക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് ബെംഗളൂരു സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഉപയോഗിക്കുന്നതിന്റെയും മദ്യപിച്ച് നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു. വീഡിയോകൾ വൈറലായതിനെ തുടർന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര കർശനമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. പുറത്തുവന്ന അഞ്ച് വീഡിയോകളിൽ മൂന്നെണ്ണം 2023ലെയും രണ്ടെണ്ണം ഈ വർഷത്തെയും ആയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here