സ്വർണ്ണത്തേക്കാൾ ലാഭം ലഹരിക്കോ; കള്ളക്കടത്തിൽ ഇടിച്ചുകയറി രാസലഹരി; ഹബ്ബാകുന്നത് ഈ രാജ്യം…

അടുത്ത കാലംവരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള സ്വർണക്കടത്ത് വലിയ ചർച്ചയായിരുന്നു. കള്ളക്കടത്ത് സംഘങ്ങൾ ഇപ്പോൾ ബിസിനസ് മാറ്റിപിടിച്ചിരിക്കുകയാണ്. നികുതി വെട്ടിച്ചു കടത്തുന്ന സ്വർണത്തിന് പകരം കള്ളക്കടത്ത് സംഘങ്ങൾ ഇപ്പോൾ മയക്കുമരുന്നുകളുടെ കടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴിയുള്ള ലഹരി മരുന്നിന്റെ ഒഴുക്ക് വർധിക്കുന്നത് അതിന്റെ തെളിവാണ്.

Also Read : അൻവറിന് സ്വർണക്കടത്ത്-ഹവാല ബന്ധമോ? മലപ്പുറത്തെ കള്ളക്കടത്ത് കണക്ക് പുറത്തുവിട്ട് പിണറായി

സ്വർണത്തിൻ്റെ തീരുവ ഇന്ത്യയിൽ കൂടുതലായതാണ് കള്ളക്കടത്ത് കൂടാൻ കാരണമായത്. കഴിഞ്ഞ വർഷം ജുലൈയിൽ സർക്കാർ ഇറക്കുമതി തീരുവ 6% ആയി കേന്ദ്രം കുറച്ചതിനുശേഷം സ്വർണക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സ് ആൻഡ് കസ്‌റ്റംസ് (സിബിഐസി) ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞിരുന്നു. സ്വർണ്ണക്കടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം കുറഞ്ഞതോടെയാണ് കള്ളക്കടത്ത് സംഘങ്ങൾ ലഹരിയിലേക്ക് തിരിയുന്നത്. ഗ്രാമിന് സ്വർണ്ണത്തോളം തന്നെ വിലയുള്ള ലഹരി വിൽപ്പന വഴി വലിയ ലാഭം ഉണ്ടാക്കാൻ കഴിയും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Also Read : ഓറിയോ ബിസ്കറ്റ് പെട്ടിയിൽ മയക്കുമരുന്ന്; 62 കോടിയുടെ കൊക്കെയ്ൻ; പിടിയിലായ സ്ത്രീ രാജ്യാന്തര ലഹരി റാക്കറ്റ്‌ കണ്ണിയോ?

കേരളത്തിലെ എയർപോർട്ടുകളിൽ പിടികൂടുന്ന ലഹരിയുടെ വലിയൊരു അളവും വരുന്നത് ഒമാനിൽ നിന്നാണ്. കഴിഞ്ഞ മാർച്ചിൽ നെടിയിരുപ്പിലെ പ്രവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ ഒന്നരക്കിലോ എംഡിഎംഎ എത്തിച്ചത് ഒമാനിൽ നിന്നാണ്. പത്തനംതിട്ടക്കാരി യുവതിയെ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്‌ച പിടികൂടിയതും ഒമാനിൽ നിന്നെത്തിച്ച ഒരുകിലോയോളം എംഡിഎംഎ സഹിതമാണ്. കേരളത്തിൽ കണ്ണികളുള്ള അന്താരാഷ്ട്ര രാസലഹരിമാഫിയയുടെ ഹബ്ബായി ഒമാൻ മാറുകയാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചാണ് പത്തനംതിട്ടക്കാരി ഒരുകിലോയോളം എംഡിഎംഎ മസ്‌കറ്റിൽനിന്ന് എത്തിച്ചത്. ഇവരെ സ്വീകരിച്ച് എംഡിഎംഎ കൊണ്ടുപോകാൻ എത്തിയ മൂന്നുപേരെയും കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിൽ സൂര്യ (31), ഇവരെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ ചോന്നാരി അലി അക്ബർ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂർ ചട്ടിപ്പുറത്ത് സഫീർ (30) എന്നിവരാണ് പിടിയിലായത്.

Also Read : ‘കുഷ്’ അടിച്ച് കുഷായി നടക്കുന്നവരുടെ എണ്ണം പെരുകുന്നു; മനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കുന്ന രാസലഹരി വ്യാപകം

ലഹരി കേരളത്തിൽ എത്രത്തോളം പിടിമുറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ ഒഴുക്ക്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് വലിയ തോതിൽ ഒഴുക്കുണ്ട്. ഇത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് ഒരു ബദൽ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കാൻ ലഹരി മാഫിയക്ക് കഴിയുന്നുണ്ട്. കള്ളക്കടത്ത് സ്വരൂപിക്കുന്ന പണം പലപ്പോഴും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് ചിലവാക്കപ്പെടുന്നത് എന്ന ആരോപണങ്ങളും ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top