അച്ചാർ കുപ്പിയിൽ ലഹരി; കണ്ടെത്തിയത് ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച പാക്കറ്റിൽ

കണ്ണൂർ ചക്കരക്കല്ലിൽ ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. അയൽവാസിയായ ജിസിൻ പ്രവാസിയായ മിഥിലാജിന്റെ വീട്ടിൽ ഏൽപ്പിച്ച കുപ്പിയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. അച്ചാർ കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെല്ലാം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു .
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലേക്ക് പോകാൻ മിഥിലാജ് പാക്കിംഗ് നടത്തുന്നതിനിടെയാണ് ജിസിൻ വീട്ടിലെത്തുന്നത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആൾക്ക് കൊടുക്കാനാണ് കുപ്പി എന്നാണ് പറഞ്ഞത്. കുപ്പിയിൽ സീൽ ഇല്ലാതിരുന്നതാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ 2.6 ഗ്രാം എംഡിഎംഎയും, 3.4 ഗ്രാം ഹാഷിഷ് ഓയിലും ആണെന്ന് കണ്ടെത്തുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജിസിൻ, അർഷാദ്, ശ്രീലാൽ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here