‘മദ്യപിച്ച് വാഹനമോടിക്കുന്നവർ തീവ്രവാദികൾ’: കുർണൂൽ ബസ് ദുരന്തത്തിന് പിന്നാലെ പൊലീസ് കമ്മീഷണർ

ആന്ധ്രാപ്രദേശിലെ കുർണൂലിൽ ബസിന് തീപിടിച്ച് നിരവധി പേർ മരിച്ച ദാരുണമായ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ രംഗത്ത്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത വിമർശനമാണ് വിസി സജ്ജനാർ നടത്തിയത്. ഇത്തരം ഡ്രൈവർമാരെ തീവ്രവാദികൾക്ക് തുല്യമായി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുർണൂൽ ദുരന്തം പൊതുസമൂഹത്തിൽ വലിയ ഞെട്ടലുണ്ടാക്കിയ സാഹചര്യത്തിലാണ്, മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ ഭവിഷ്യത്തുകളെക്കുറിച്ച് കമ്മീഷണർ ശക്തമായി മുന്നറിയിപ്പ് നൽകിയത്. ‘മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഒരു വ്യക്തി തൻ്റെ ജീവനെ മാത്രമല്ല, നിരപരാധികളായ നിരവധി ആളുകളുടെ ജീവനും അപകടത്തിലാക്കുകയാണ്. ഇത്തരം പ്രവർത്തികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ല’.
‘ഈ ഭീകരമായ പ്രവൃത്തി കാരണം നിരവധി കുടുംബങ്ങളാണ് തകരുന്നത്. അറിഞ്ഞുകൊണ്ട് മറ്റൊരാളുടെ ജീവന് ഭീഷണിയാകുന്ന മദ്യപാനികളായ ഡ്രൈവർമാർ, സാധാരണ കുറ്റവാളികളല്ല, അവർ തീവ്രവാദികൾക്ക് തുല്യരാണ്,’ എന്നാണ് കമ്മീഷണർ പറഞ്ഞത്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ഡ്രങ്ക് ആൻഡ് ഡ്രൈവ് കേസുകളിൽ പൊലീസ് ശക്തമായ നടപടികൾ തുടരണം. പിടിക്കപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ആന്ധ്രാപ്രദേശിലെ കുർണൂലിന് സമീപം വച്ചാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. തുടർന്ന് ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടരുകയും പൂർണ്ണമായും കത്തിനശിക്കുകയുമായിരുന്നു. പുലർച്ചെ നടന്ന അപകടത്തിൽ യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. 20 ഓളം പേരാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here