മണിക്കൂറിൽ 102 രൂപ വരുമാനം! 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്; വിമർശകർക്ക് മറുപടിയുമായി സൊമാറ്റോ സിഇഒ

സൊമാറ്റോ ഡെലിവറി ജോലിക്കാരുടെ വരുമാനത്തെയും സുരക്ഷയെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി കമ്പനി സിഇഒ ദീപിന്ദർ ഗോയൽ. 2025ൽ ഡെലിവറി പങ്കാളികളുടെ വരുമാനം വർധിച്ചെന്നും അവർക്കായി വിപുലമായ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 25, 31 തീയതികളിൽ നടന്ന പണിമുടക്കുകളുടെ പശ്ചാത്തലത്തിലാണ് എക്സിലൂടെ വിശദീകരണം നൽകിയത്.

2024ൽ മണിക്കൂറിൽ 92 രൂപയായിരുന്ന ഡെലിവറി പങ്കാളികളുടെ ശരാശരി വരുമാനം 2025ൽ 102 രൂപയായി വർധിച്ചു. ഇത് ഏകദേശം 10.9 ശതമാനം വർധനവാണ്. ഒരാൾ ദിവസവും 10 മണിക്കൂർ വീതം മാസത്തിൽ 26 ദിവസം ജോലി ചെയ്യുകയാണെങ്കിൽ, ഇന്ധനച്ചെലവ് കഴിഞ്ഞ് ഏകദേശം 21,000 രൂപ കൈയ്യിൽ കിട്ടുമെന്ന് അദ്ദേഹം കണക്കുകൾ സഹിതം വിശദീകരിച്ചു. ഉപഭോക്താക്കൾ നൽകുന്ന ടിപ്പുകൾ മുഴുവനായി തൊഴിലാളികൾക്ക് തന്നെയാണ് ലഭിക്കുന്നത്.

ഡെലിവറി ജോലി ഒരു മുഴുവൻ സമയ ജോലിയായല്ല, മറിച്ച് അധിക വരുമാനത്തിനുള്ള മാർഗ്ഗമായാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഭൂരിഭാഗം പങ്കാളികളും വർഷത്തിൽ ശരാശരി 38 ദിവസം മാത്രമാണ് ജോലി ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരം ജോലി സമയവും സ്ഥലവും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

10 മിനിറ്റ് ഡെലിവറി സംവിധാനം (Blinkit) തൊഴിലാളികളെ അമിതവേഗതയിൽ വാഹനം ഓടിക്കാൻ നിർബന്ധിക്കുന്നില്ല. ആപ്പിൽ ഡെലിവറി സമയം കാണിക്കാത്തതിനാൽ തൊഴിലാളികൾക്ക് സമ്മർദ്ദമില്ല. ശരാശരി മണിക്കൂറിൽ 16 മുതൽ 21 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ഇവർ വാഹനം ഓടിക്കുന്നതെന്നും ഗോയൽ അവകാശപ്പെട്ടു.

ഇൻഷുറൻസ് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾക്കായി 2025ൽ മാത്രം സൊമാറ്റോ 100 കോടിയിലധികം രൂപ ചിലവഴിച്ചു. 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്. ചികിത്സാ സഹായം, പ്രസവാനുകൂല്യങ്ങൾ. വനിതാ ഡെലിവറി ജോലിക്കാർക്ക് മാസത്തിൽ രണ്ട് ദിവസം ശമ്പളത്തോടു കൂടിയ അവധി. പെൻഷൻ പദ്ധതിയിലും ആദായനികുതി ഫയലിംഗിലും സഹായം. പ്രത്യേക നിബന്ധനകളോ മുൻപരിചയമോ ഇല്ലാതെ ആർക്കും ചെയ്യാവുന്ന ഈ പാർട്ട് ടൈം ജോലിക്ക് നൽകുന്ന ആനുകൂല്യങ്ങൾ ന്യായമല്ലേ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top