ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചത് കോടികൾ; സ്വന്തമായി 3 വീടുകളും കാറും ഓട്ടോറിക്ഷകളും; യാചകൻ പിടിയിൽ

കൈകളിൽ ഷൂസുകൾ ധരിച്ച്, ചെറിയൊരു തള്ളുവണ്ടിയിൽ ഇരുന്നു ഭിക്ഷാടനം നടത്തുന്ന ഒരാൾ. കാഴ്ചയിൽ പരസഹായം ആവശ്യമായ പാവം മനുഷ്യൻ. എന്നാൽ ഇൻഡോറിലെ സറഫാ ബസാറിൽ വർഷങ്ങളായി ഭിക്ഷാടനം നടത്തുന്ന മംഗിലാൽ എന്ന ഈ വ്യക്തി സാധാരണ യാചകനല്ല, മറിച്ച് കോടീശ്വരനാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നഗരത്തെ യാചകമുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മംഗിലാലിന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. ഇയാൾക്ക് മൂന്ന് വീടുകൾ ഉണ്ട്. ഇതിൽ ഒന്ന് മൂന്നു നില കെട്ടിടമാണ്. മറ്റൊന്ന് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീടാണ്.
കൂടാതെ മൂന്ന് ഓട്ടോറിക്ഷകളും ഒരു മാരുതി ഡിസയർ കാറും ഇയാൾക്കുണ്ട്. ഇവയെല്ലാം വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സറഫാ ബസാറിലെ വ്യാപാരികൾക്ക് ഇയാൾ പലിശയ്ക്ക് പണം നൽകാറുണ്ട്. ഒരു ദിവസം 2000 രൂപ വരെ പലിശയിനത്തിൽ മാത്രം ഇയാൾക്ക് ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കുഷ്ഠരോഗിയായ ഒരാൾ ഭിക്ഷാടനം നടത്തുന്നു എന്ന വിവരത്തെത്തുടർന്നാണ് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ തിരഞ്ഞെത്തിയത്. ഭിക്ഷാടനത്തിലൂടെ മാത്രം ദിവസം 500 രൂപ വരെ ഇയാൾക്ക് ലഭിച്ചിരുന്നു. ആളുകളോട് ചോദിച്ചു വാങ്ങുന്നതിന് പകരം, സഹതാപം തോന്നിപ്പിക്കുന്ന രീതിയിൽ ഇരുന്നാണ് ഇയാൾ പണം സമ്പാദിച്ചിരുന്നത്.
നിലവിൽ മംഗിലാലിനെ ഉജ്ജയിനിലെ സേവാധാം ആശ്രമത്തിലേക്ക് മാറ്റി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പാവപ്പെട്ടവരോടുള്ള സഹതാപം എങ്ങനെ ലാഭകരമായ ബിസിനസ്സാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമായി മംഗിലാലിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here