കൃത്രിമ മധുരം കഴിച്ചാൽ തലച്ചോറിന് വാർദ്ധക്യം! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

പഞ്ചസാരയുടെ അമിത ഉപയോഗം അമിതവണ്ണത്തിനും പല വിട്ടുമാറാത്ത രോഗങ്ങൾക്കും പ്രധാന കാരണമാണ്. അതിനാൽ ഇത് ഒഴിവാക്കി പകരം കൃത്രിമ മധുരങ്ങൾ (Artificial Sweeteners) ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവയുടെ അമിത ഉപയോഗം തലച്ചോറിൻ്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ‘ന്യൂറോളജി’ (Neurology) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, അസ്‌പാർട്ടേം, സാക്കറിൻ, എറിത്രിറ്റോൾ (Aspartame, Saccharin, Erythritol) തുടങ്ങിയ കൃത്രിമ മധുരങ്ങൾ പതിവായി ഉപയോഗിക്കുന്നത് ഓർമ്മശക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും ബാധിക്കാൻ ഇടയായേക്കും. കൂടാതെ തലച്ചോറിൻ്റെ വാർദ്ധക്യം വേഗത്തിലാക്കുന്നു.
ഏകദേശം 1.6 വർഷത്തെ തലച്ചോറിന്റെ വാർദ്ധക്യത്തിന് തുല്യമാണ് ഇതെന്നാണ് കണ്ടെത്തൽ. കൃത്രിമ മധുരങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തകർക്കുകയും ചെയ്യും. കൂടാതെ, മധുരത്തിന് വേണ്ടി തലച്ചോറ് കൂടുതലായി ആശ്രയിക്കുന്നതിനാൽ, ഇവയുടെ ഉപയോഗം തലച്ചോറിൻ്റെ പ്രവർത്തന രീതിയിൽ മാറ്റങ്ങൾ വരുത്താനും ഇടയുണ്ട്.
പ്രമേഹമുള്ളവരും ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുമാണ് പ്രധാനമായും കൃത്രിമ മധുരങ്ങളെ ആശ്രയിക്കുന്നത്. കാരണം, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നില്ല. നിലവിൽ, അമേരിക്കയിലെ എഫ്ഡിഎ (FDA – Food and Drug Administration) ഉൾപ്പെടെയുള്ള ഏജൻസികൾ പല കൃത്രിമ മധുരങ്ങൾക്കും ഉപയോഗത്തിനായി അംഗീകാരം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഈ പുതിയ പഠനം കൂടുതൽ ആശങ്ക പരത്തുകയാണ്.
കൃത്രിമ മധുരങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഉചിതം. മധുരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി പറയുന്ന വഴികൾ സ്വീകരിക്കാവുന്നതാണ്. ഈന്തപ്പഴം, തേൻ, ശർക്കര, സ്റ്റീവിയ പോലുള്ള പ്രകൃതിദത്തമായ മധുരങ്ങൾ മിതമായ അളവിൽ ഉപയോഗിക്കാം. പഴങ്ങൾ അവയുടെ സ്വാഭാവിക രൂപത്തിൽ കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ മധുരമുള്ള പാനീയങ്ങൾക്ക് പകരം ശുദ്ധജലം കൂടുതൽ കുടിക്കുന്നതും ഗുണം ചെയ്യും.
കൃത്രിമ മധുരങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് പറയുന്നില്ലെങ്കിലും, ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് ആണ് തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതെന്നാണ് ഗവേഷകരുടെ പൊതുവിലുള്ള അഭിപ്രായം. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഇത്തരം പഠനങ്ങൾ ഏറെയും നടക്കുന്നത് ഇന്ത്യയ്ക്ക് പുറത്താണ്. നമ്മുടെ നാട്ടിൽ ഇത്തരം പഠന – നിരീക്ഷണങ്ങൾ ഊർജിതമാകുന്നത് അതിൻ്റെ ഏറ്റവും മോശമായ ഏതെങ്കിലും അവസ്ഥാ വിശേഷങ്ങൾ പുറത്തുവന്നതിന് ശേഷം മാത്രമാകും എന്നതാണ് അനുഭവം.
തമിഴ്നാട്ടിൽ നിന്നുള്ള ഒരു ചുമ മരുന്ന് രാജസ്ഥാൻ അടക്കം സംസ്ഥാനങ്ങളിലെ ഒട്ടേറെ കുരുന്നുകളെ ബാധിച്ച ശേഷമാണ് അവയുടെ കാര്യത്തിൽ ഒരു പഠനമോ നടപടിയോ ഉണ്ടായതെന്ന കാര്യം ഇത് പറയുമ്പോൾ ഓർത്തുപോകുകയാണ്. അതുകൊണ്ട് സ്വന്തം ആരോഗ്യകാര്യത്തിൽ ഓരോരുത്തരും ജാഗ്രത പുലർത്തുക, ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സാ കാര്യങ്ങൾ തീരുമാനിക്കുക എന്നത് ശീലമാക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here