ശബരിമലയിൽ മന്ത്രിക്ക് പെരുമാറ്റച്ചട്ട കുരുക്ക് ; യോഗം ചേരുന്നതിനും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനും വിലക്ക്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിലെ കാര്യങ്ങളിൽ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങൾ വിളിക്കാനോ മാധ്യമങ്ങളിൽ പ്രതികരിക്കാനോ മന്ത്രി വി. എൻ. വാസവന് സാധിക്കില്ല.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുന്നതിന് മന്ത്രി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇതിന് വിലക്കേർപ്പെടുത്തിയത്. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ വിഷയത്തിൽ മന്ത്രിക്ക് നേരിട്ട് ഇടപെടാനോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്താനോ കഴിയില്ല.
അതേസമയം, ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. തിരക്ക് കുറയ്ക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികളുടെ ഭാഗമായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തിലേയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here