പട്ടം കര്‍ദിനാളിനെ പട്ടം പോലെ പറപ്പിച്ചു; മറ്റ് മെത്രാന്‍മാര്‍ സംഘടിച്ചു; അനുനയ നീക്കം പൊളിച്ചു

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തില്‍ കത്തോലിക്കസഭ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാബാവ മുഖ്യമന്ത്രിയുമായി നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ ക്രൈസ്തവ സഭ ഐക്യസമ്മേളനം പൊളിച്ചടുക്കി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഇന്നലെ പാലായില്‍ ചേര്‍ന്ന വിവിധ സഭാ മെത്രാന്‍മാരുടെ യോഗത്തിലുയര്‍ന്നത്. എന്‍എസ്എസ് മാനേജ്‌മെന്റിനോട് സ്വീകരിച്ച അനുകൂല സമീപനം തങ്ങള്‍ക്കും നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മീസുമായി മുഖ്യമന്ത്രി നടത്തിയ അനുനയ ചര്‍ച്ചകള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന നിലപാടാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സഭയായ സിറോ മലബാര്‍ സഭ ഉള്‍പ്പടെയുള്ള ക്രൈസ്തവ സഭകള്‍ സ്വീകരിച്ചിരിക്കുന്നത്.

സിറോ മലബാര്‍സഭ വിദ്യാഭ്യാസ- എക്യൂമിനിക്കല്‍ കമ്മീഷനുകളുടെ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഐക്യ സമ്മേളനം വിളിച്ചു കൂട്ടിയത്. എന്നാല്‍ കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാബാവയുടെ മലങ്കര കത്തോലിക്കാ സഭയുടെ പ്രതിനിധികളാരും ഐക്യ സമ്മേളനത്തില്‍ പങ്കെടുത്തില്ല. അധ്യാപക നിയമന പ്രശ്‌നം പരിഹരിക്കാന്‍ കോടതിയെ സമീപിക്കണമെന്ന സര്‍ക്കാര്‍ നിലപാട് സ്വീകാര്യമല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ തുറന്നടിച്ചു. നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ആശ്വാസകരമല്ല. ഉറപ്പ് നല്‍കാതെ ഭിന്നശേഷി വിഷയത്തില്‍ ആശങ്ക മാറില്ല. എന്‍എസ്എസിന് ലഭിച്ച ഉത്തരവ് ക്രൈസ്തവ സഭകള്‍ക്കും ബാധകമാക്കണം ക്രൈസ്തവരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നിച്ച് നില്‍ക്കണമെന്നും സഭകളുടെ യോഗത്തില്‍ തീരുമാനമുണ്ടായി.

പിണറായി വിജയനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്ക സഭയുടെ തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ് നടത്തിയ അനുനയ നീക്കങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് പാലായില്‍ ചേര്‍ന്ന എക്യുമിനിക്കല്‍ സമ്മേളനത്തിന്റെ നിലപാട്. സിറോ മലബാര്‍ സഭയിലെ ബഹുഭൂരിപക്ഷം മെത്രാന്‍മാര്‍ക്കും കെസിബിസി അധ്യക്ഷന്‍ എന്ന ലേബലില്‍ കര്‍ദിനാള്‍ മാര്‍ക്ലിമ്മിസ് ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളോട് കടുത്ത വിയോജിപ്പുണ്ട്. അതുകൊണ്ട് തന്നെയാവണം പാലാ ബിഷപ്പ് മറ്റ് സഭാ നേതാക്കളെ വിളിച്ചു ചേര്‍ത്ത് മാര്‍ ക്ലിമ്മിസിന് ഇങ്ങനെയൊരു പണി കൊടുത്തത്. സിറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ പൊതുവെ സിപിഎം വിരുദ്ധ നിലപാടുള്ളവരാണ്. എന്നാല്‍ മാര്‍ ക്ലിമ്മിസ് പിണറായിയോട് അങ്ങേയറ്റം വിധേയത്വം പുലര്‍ത്തുന്ന ആളാണ്.

നാല് വര്‍ഷം മുമ്പ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തണുപ്പിക്കാന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് വിളിച്ചു ചേര്‍ത്ത സമുദായ നേതാക്കളുടെ സമാധാനയോഗത്തില്‍ സിറോ മലബാര്‍ സഭ പങ്കെടുത്തിരുന്നില്ല.മാര്‍ ക്ലിമ്മിസിന്റെ ഇത്തരം ഒറ്റയാന്‍ കളികളോട് പൊതുവെ സംസ്ഥാനത്തെ പ്രബല ക്രൈസ്തവ സഭാ വിഭാഗമായ സിറോ മലബാര്‍ സഭ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് പതിവായിരിക്കയാണ്. അധ്യാപക നിയമനം സംബന്ധിച്ച് മാര്‍ ക്ലിമ്മിസിന്റെ ഫോര്‍മുലകള്‍ ഒന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നാണ് ഐക്യുമിനിക്കല്‍ സമ്മേളനം വ്യക്തമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here