സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥന് പണി കിട്ടി; അഴിമതി ആരോപണത്തിന് പിന്നാലെ പുറത്താക്കൽ നടപടി

സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള നിർണ്ണായക കേസുകൾ കൈകാര്യം ചെയ്തിരുന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. കോഴ ആരോപണങ്ങളെത്തുടർന്ന് നടന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനമന്ത്രാലയമാണ് നടപടിയെടുത്തത്. സർവീസ് ചട്ടങ്ങളിലെ കടുത്ത ശിക്ഷാനടപടിയായ നിർബന്ധിത വിരമിക്കലാണ് ഇദ്ദേഹത്തിനെതിരെ സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണൻ നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു.
Also Read : ഇ ഡി നീക്കം ഉലയ്ക്കുന്നു; എല്ലാ സഹകരണ സംഘത്തിലും കർശന പരിശോധനയ്ക്ക് തീരുമാനം; പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു
ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയിൽ നിന്ന് അനുകൂലമായ നടപടികൾക്കായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന ഗൗരവകരമായ പരാതി രാധാകൃഷ്ണനെതിരെ ഉയർന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ തന്റെ പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചു എന്ന് ഇ.ഡിയുടെ വിജിലൻസ് വിഭാഗം കണ്ടെത്തി. കേരളത്തിലെ വിവാദമായ സ്വർണ്ണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ഈ സമയത്ത് പ്രതികളുടെ മൊഴി മാറ്റിക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും ഇദ്ദേഹം നേരിട്ടിരുന്നു.
രാധാകൃഷ്ണനെതിരെ ഉയർന്ന പരാതികൾ ശരിയാണെന്ന് ഇ.ഡി ഡയറക്ടറേറ്റ് നടത്തിയ ആഭ്യന്തര പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ഇപ്പോൾ സർവീസിൽ നിന്ന് തന്നെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ കേരള സർക്കാരുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. അന്നത്തെ കേന്ദ്ര-സംസ്ഥാന പോരിൽ പ്രധാനിയായിരുന്ന ഒരു ഉദ്യോഗസ്ഥൻ അഴിമതിയുടെ പേരിൽ പുറത്താക്കപ്പെട്ടത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here