യെസ് ബാങ്ക് ക്രമക്കേടിൽ മുൻ സിഇഒയെ ചോദ്യം ചെയ്ത് ഇഡി; പ്രതിഫലം പറ്റിയുള്ള ഇടപാടുകളെന്ന് സംശയം

യെസ് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. ബാങ്കിന്റെ മുൻ സിഇഒ റാണാ കപൂറിനെയാണ് ഇഡി ചോദ്യം ചെയ്തത്.
റാണാ കപൂറും വ്യവസായിയായ അനിൽ അംബാനിയും തമ്മിൽ രഹസ്യമായ ഒരു ‘കൊടുക്കൽ വാങ്ങൽ’ ഇടപാട് നടന്നു എന്നാണ് ഇഡി പറയുന്നത്. റാണാ കപൂറിന്റെ കാലത്ത്, അനിൽ അംബാനിയുടെ കമ്പനികളായ എഡിഎജി (ADAG) ഗ്രൂപ്പിന് യെസ് ബാങ്ക് നൽകിയ വായ്പകൾ കുത്തനെ ഉയർന്നു. 2017 മാർച്ചിലെ 6,000 കോടി രൂപയിൽ നിന്ന് 2018 മാർച്ചോടെ ഇത് ഏകദേശം 13,000 കോടി രൂപയായി വർധിച്ചു.
റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നിവയുൾപ്പെടെയുള്ള എഡിഎജി കമ്പനികളിൽ യെസ് ബാങ്ക് 5,000 കോടി രൂപയിലധികം നിക്ഷേപിച്ചതായും ആരോപണമുണ്ട്. ഈ തുകയുടെ വലിയൊരു ഭാഗം പിന്നീട് തിരികെ ലഭിക്കാതെയായി, ഇത് ബാങ്കിന് ഏകദേശം 3,300 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഈ വായ്പകളും നിക്ഷേപങ്ങളും സാധാരണ ബിസിനസ് തീരുമാനങ്ങൾ ആയിരുന്നില്ലെന്നാണ് ഇഡി പറയുന്നത്.
അനിൽ അംബാനിയുടെ കമ്പനികൾക്ക് യെസ് ബാങ്ക് വലിയ സാമ്പത്തിക സഹായം നൽകിയതിന് പകരമായി, കപൂറിന്റെ കുടുംബാംഗങ്ങളുടെ കമ്പനികൾക്ക് അംബാനിയുടെ ആളുകൾ വായ്പ നൽകി എന്നും ഇഡി സംശയിക്കുന്നു. മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കാതെ കപൂറും അംബാനിയും തമ്മിൽ നിരവധി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നും കേസിൽ ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, സാമ്പത്തിക തിരിമറി എന്നിവ സംശയിക്കുന്നതായും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here