കൊല്‍ക്കത്തയില്‍ രാഷ്ട്രീയ നാടകങ്ങള്‍; തൃണമൂല്‍ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്; പാഞ്ഞെത്തി പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ പോര് മുറുകുന്നു. ഇന്ന് തൃണമൂല്‍ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഇതോടെ മുഖ്യമന്ത്രി മമത ബാനര്‍ജി റെയ്ഡ് നടക്കുന്ന സ്ഥലത്ത് എത്തി പ്രതിഷേധിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്നാണ് മമതയുടെ ആരോപണം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഐ ടി വിഭാഗം മേധാവിയായ പ്രദീക് ജയിനിന്റെ വീട്ടിലും ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. പ്രദീക് ജയിനിന്റെ പിആര്‍ ഏജന്‍സിയായ ഐ പാക്കിന്റെ ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ റെയ്ഡ് നടത്തി. സാള്‍ട്ട് ലേക്കിലെ ഓഫീസിലും കൊല്‍ക്കത്തയിലെ പ്രദീക് ജയിനിന്റെ വസതിയിലുമായിരുന്നു പരിശോധന.
2021 ലെ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിശദീകരണം. പരിശോധന നടക്കുന്നതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രദീക് ജയിനിന്റെ വസതിയില്‍ നേരിട്ടെത്തി. ഒരു പച്ച ഫയലുമായാണ് മമതയുടെ വരവ്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേന്ദ്ര ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം മമത ഉയര്‍ത്തി. തൃണമൂലിന്റെ ആഭ്യന്തര രേഖകളും സ്ഥാനാര്‍ത്ഥി പട്ടികയും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുക്കാനാണ് ഇഡിയെ ഉപയോഗിച്ച് ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം.
ബിജെപി ഓഫീസുകളില്‍ സംസ്ഥാന പോലീസ് റെയ്ഡ് നടത്തിയാല്‍ എന്താകും അവസ്ഥയെന്ന് അമിത് ഷാ അടക്കമുളള നേതാക്കള്‍ ഓര്‍ക്കണം എന്നും മമത മുന്നറിയിപ്പ് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. അതിന്റെ പ്രതിഫലനമാണ് ഇഡി റെയ്ഡും അതിനെ ചെറുക്കാനുളള മമതയുടെ പ്രതിഷേധവുമെല്ലം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here