എറണാകുളം പ്രസ് ക്ലബ് ഇഡിക്ക് കണക്ക് കൊടുക്കില്ല; മോൻസൻ്റെ പണമൊന്നും വാങ്ങിയിട്ടില്ല എന്ന് നിലപാട്

പലവിധ തട്ടിപ്പ് കേസുകളിലും പീഡനകേസിലും പെട്ട് ജയിലിൽ കഴിയുന്ന തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൻ്റെ പക്കൽ നിന്ന് വാങ്ങിയ തുകയുടെ കണക്ക് തേടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ് നിയമപരമല്ല എന്ന നിലപാടിൽ എറണാകുളം പ്രസ് ക്ലബ്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. നോട്ടീസിന് നിയമപരമായ മറുപടി നൽകാനാണ് തീരുമാനം.
ഒന്നാമത്, പ്രസ് ക്ലബിൻ്റെ ഇടപാടുകൾ ഒന്നും ഇഡി നോട്ടീസിൽ കാണിച്ചിരിക്കുന്നത് പോലെ, മണി ലോണ്ടറിങിൻ്റെ (PMLA Act) പരിധിയിൽ വരുന്നതല്ല. രണ്ടാമത്, പ്രസ് ക്ലബിൻ്റെ ഒരു അക്കൗണ്ടിലേക്കും മോൻസൺ മാവുങ്കലിൻ്റെ പണം എത്തിയിട്ടില്ല. പ്രസ് ക്ലബ് കുടുംബമേളയുടെ ചിലവിലേക്കായി മുൻ ഭരണസമിതി മോൺസൻ്റെ പണം വാങ്ങിയതായി ആരോപണം ഉയർന്നിട്ടുണ്ട് എങ്കിലും അങ്ങനെ ഒരു തുകയും വന്നാതായി അക്കൗണ്ടിൽ രേഖയില്ല.
ഇക്കാര്യങ്ങൾ അറിയിച്ച് ഇഡിക്ക് മറുപടി നൽകാനാണ് പ്രസ് ക്ലബിൻ്റെ നീക്കം. ഇതിനായി അഭിഭാഷകരുമായി കൂടിയാലോചന നടത്തുന്നുണ്ട്. മുൻ ഭാരവാഹികൾ സ്വന്തം നിലയ്ക്ക് പണം കയ്യിൽ വാങ്ങി ചിലവഴിച്ചിട്ടുണ്ട് എങ്കിൽ അത് സ്ഥാപനം എന്ന നിലയ്ക്ക് ക്ലബിൻ്റെ കണക്കിൽ പെടുത്തുന്നത് നിയമപരമല്ല എന്നും അറിയിക്കും. ഇതോടെ കണക്കുകൾ കൊടുക്കേണ്ട ബാധ്യത മുമ്പ് ഭാരവാഹിത്വം വഹിച്ച വ്യക്തികൾക്കാകും.
2020 ലെ പ്രസ് ക്ലബ് കുടുംബ മേളക്കായി പിരിച്ച തുകയെചൊല്ലിയാണ് മോൺസൻ അറസ്റ്റിലായത് മുതൽ വിവാദം ഉയർന്നത്. ഈ തുക വാങ്ങിയതിൽ അന്നത്തെ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഹിൻ ആന്റണി കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചു എന്നായിരുന്നു ആരോപണം. തിരിമറിയുടെ പേരിൽ സഹിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ഉണ്ടായി. മോൻസൻ്റെ തട്ടിപ്പ് കേസുകൾ അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സഹിൻ ആൻ്റണി, പി ശശികാന്ത് എന്നീ മുൻ ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		