ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; വമ്പൻ സ്രാവുകൾ കുടുങ്ങുമോ?

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഇനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. കേസിന്റെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ശബരിമലയിലെ സ്വർണ ഉരുപ്പടികളിൽ ഉണ്ടായ തിരിമറിയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഗൗരവകരമാണെന്ന് വിലയിരുത്തിയാണ് കോടതി നീക്കം.
കേസിന്റെ എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും എത്രയും വേഗം ഇഡിക്ക് കൈമാറണം. കേസിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകളും ഇഡി പരിശോധിക്കും. വിജിലൻസ് അന്വേഷണത്തിന് പുറമെയാണ് ഇപ്പോൾ കേന്ദ്ര ഏജൻസിയായ ഇഡിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ശബരിമലയിലെ കാണിക്കയായും മറ്റും ലഭിച്ച സ്വർണ്ണ ഉരുപ്പടികളിൽ വലിയ രീതിയിലുള്ള തിരിമറി നടന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചില ഉദ്യോഗസ്ഥരുടെ പങ്കും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഇഡിക്ക് കൈമാറാനുള്ള നീക്കം നടന്നത്. സ്വർണം കടത്തിയതിലൂടെയോ വിറ്റഴിച്ചതിലൂടെയോ വലിയ തോതിലുള്ള സാമ്പത്തിക ലാഭം പ്രതികൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നും വിദേശ ബന്ധങ്ങൾ ഉണ്ടോ എന്നും ഇഡി അന്വേഷിക്കും. ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ അന്വേഷണ പരിധിയിലേക്ക് വരുമെന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here