കസ്റ്റംസ് നായയെ തൊഴിച്ചാൽ ശിക്ഷയുണ്ടോ? എഴുപതുകാരൻ ഈജിപ്ഷ്യൻ പൗരനെ അമേരിക്ക കൈകാര്യംചെയ്ത വിധം…

നിയമപാലനം നടത്തുന്ന സുരക്ഷാ സേനയിൽപ്പെട്ട നായ വെറും പട്ടിയല്ല. ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്താൽ കിട്ടുന്ന അതേ ശിക്ഷ പട്ടിയുടെ മെക്കിട്ട് കേറിയാലും കിട്ടും. പട്ടിയാണെന്ന് കരുതി ചുമ്മാ തൊഴിച്ചിട്ട് രക്ഷപ്പെട്ടു പോകാമെന്ന് കരുതിയ ഒരു ഈജിപ്ഷ്യൻ പൗരൻ ഒന്നാന്തരം പണിവാങ്ങിയ കഥയാണിത്. സർക്കാർ ഉദ്യോഗസ്ഥൻ്റെ ജോലി തടസപ്പെടുത്തിയതിനും, കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനുമുള്ള കേസിനു പുറമെ യാത്രാവിലക്കും ആണ് അമേരിക്കൻ പോലീസ് അടിച്ചുനൽകിയത്. എഴുപതുകാരനായ ഈജിപ്തുകാരൻ 100 പൗണ്ട് നിരോധിത വസ്തുക്കൾ വിമാനമാർഗം കടത്താൻ ശ്രമിച്ചത് പട്ടി തടഞ്ഞതാണ് പ്രകോപനമായത്.

അമേരിക്കയിലെ വെർജീനിയയ്ക്ക് തൊട്ടടുത്തുള്ള ഡലാസ് വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ 100 പൗണ്ടിലധികം (ഏകദേശം 45 കിലോ) ഭാരം വരുന്ന ഭക്ഷ്യവസ്തുക്കൾ അനധികൃതമായി ഒരു ഈജിപ്ഷ്യൻ പൗരൻ കടത്താൻ ശ്രമിച്ചത് കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ ബ്രിഗേഡിൽപ്പെട്ട (Customs and Border Protection Brigade) നായ മണംപിടിച്ച് കണ്ടെത്തി. ബീഗിൾ (Beagle) ഇനത്തിൽപ്പെട്ട ഫ്രെഡി എന്ന നായയാണ് ഇത് കണ്ടെത്തിയത്. വളരെ ചെറിയ വലിപ്പമുള്ള സ്നിഫർ ഡോഗാണ് ബീഗിൾ.

പട്ടി മണം പിടിച്ച് തട്ടിപ്പ് കണ്ടെത്തിയതിൽ കോപാകുലനായ 70കാരൻ ഹമീദ് റമദാൻ ബയോമി അലി മാരി (Hamed Ramadan Bayoumy Aly Marie) നായക്കിട്ട് ആഞ്ഞ് ഒരു തൊഴി വെച്ചുകൊടുത്തു. അതോടെ സംഭവം കലിപ്പായി. സുരക്ഷാ സേനയിൽപ്പെട്ട പട്ടിക്ക് തൊഴികൊടുത്ത് മുങ്ങാമെന്ന് കരുതിയ അലിയെ കസ്റ്റംസ് അധികൃതർ കീഴടക്കി ഹോംലാൻഡ് പോലീസിന് കൈമാറി. ഫ്രെഡി എന്ന അഞ്ച് വയസുള്ള നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാരിയെല്ലിന് ചതവുണ്ടായതിനെ തുടർന്ന് ശ്വാസതടസം നേരിട്ടു.

ചൊവ്വാഴ്ചയാണ് അലി മാരി കെയ്റോയിൽ നിന്ന് വാഷിംഗ്ടണ്ണിൽ എത്തിയത്. വെള്ളിയാഴ്ച മടക്കയാത്രയ്ക്ക് ഡലാസ് എയർപൊട്ടിൽ വെച്ചാണ് ഇയാൾ പട്ടിയെ തൊഴിച്ചത്. 45 കിലോയിലധികം നിരോധിത അഗ്രി പ്രോഡക്റ്റുകൾ കടത്താൻ ശ്രമിച്ചതിന് പുറമേ, സുരക്ഷാസേനയിലെ അംഗത്തെ ആക്രമിച്ചതിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കി. പട്ടിയെ വെറ്ററിനറി ആശുപത്രിയിൽ ചികിത്സിച്ചതിൻ്റെ ചെലവ് ഹാജരാക്കിയതിന് പുറമെ രാത്രിയോടെ അടുത്ത വിമാനത്തിൽ ഇയാളെ നാടു കടത്തി, യാത്രാ വിലക്കും ഏർപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top