എലപ്പുള്ളി മദ്യ നിര്‍മ്മാണ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; ഏകജാലക ബോര്‍ഡ് യോഗത്തില്‍ കമ്പനിക്ക് അനുമതി നല്‍കാന്‍ നീക്കം

വിവാദമായ പാലക്കാട് ഏലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട മദ്യ നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഏകജാലക ബോര്‍ഡിന്റെ ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ ബ്രൂവറി പദ്ധതിയുമായി നീങ്ങാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 635 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
വിവിധ കാരണങ്ങളാല്‍ പ്രത്യേകിച്ചും സര്‍ക്കാര്‍ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മൂലം തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുന്ന ചുമതലയാണ് കേരള സ്റ്റേറ്റ് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിനുള്ളത്. ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ ബോര്‍ഡിന് മുന്നിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഇലപ്പുള്ളി പഞ്ചായത്ത് കമ്പിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രാദേശിക എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് നീങ്ങാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം എന്നറിയുന്നു.
എഥനോള്‍ പ്ലാന്റും ഡിസ്റ്റലറിയും ബ്രൂവറിയും നിര്‍മിക്കാന്‍ ഒയാസിസ് കമേഴ്‌സ്യല്‍ കമ്പനി വാങ്ങിയ ഭൂമിയില്‍ തണ്ണീര്‍ത്തടവും ഉള്‍പ്പെട്ടിട്ടുണ്ട്. എലപ്പുള്ളി ആറാം വാര്‍ഡിലെ മണ്ണുക്കാട് വാങ്ങിയ 24 ഏക്കര്‍ ഭൂമിയില്‍ മൂന്നരയേക്കറോളം ഭൂമിയും ഡേറ്റ ബാങ്കിലുള്ളതാണ്. ഈ ഭൂമി തരം മാറ്റിക്കിട്ടാന്‍ 2024 ഓഗസ്റ്റില്‍ കമ്പനി അപേക്ഷ നല്‍കിയെങ്കിലും കൃഷി വകുപ്പ് തടസ്സവാദം ഉന്നയിച്ചിരുന്നു. പഞ്ചായത്ത് പ്ലാന്റിന് എന്‍ഒസി നല്‍കിയിട്ടുമില്ല. പ്രദേശത്ത് കടുത്ത ജലചൂഷണം ഉണ്ടാവുമെന്നതിന്റെ പേരിലാണ് സിപിഎം ഒഴികെയുള്ള കക്ഷികള്‍ പ്ലാന്റിനെതിരെ സമരവുമായി രംഗത്തുള്ളത്. പാടം നികുന്നതിന് സിപിഐയുടെ കീഴിലുള്ള കൃഷി വകുപ്പ് കടുത്ത എതിര്‍പ്പ് ഉന്നയിച്ചതാണ് പ്ലാന്റ് തുടങ്ങുന്നതിനുള്ള പ്രധാന തടസ്സം.
പ്ലാന്റ് വന്ന് കഴിഞ്ഞാല്‍ കര്‍ഷകര്‍ക്കുള്‍പ്പടെ നിരവധി തൊഴില്‍ സാദ്ധ്യതകളാണ് തുറക്കാന്‍ പോകുന്നതെന്നാണ് പാലക്കാട് നിന്നുള്ള എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ വാദം. ഈ പദ്ധതിക്കാവശ്യമായ പ്രധാന അസംസ്‌കൃത വസ്തുക്കള്‍ മരച്ചീനി, ഉപയോഗ ശൂന്യമായ നെല്ല്, വേസ്റ്റായി പോകുന്ന പച്ചക്കറികള്‍ എന്നിവയാണ്. കേരളത്തിലാകെ കര്‍ഷകര്‍ക്ക് വലിയ അവസരമാണ് ലഭിക്കാന്‍ പോകുന്നത്. നെല്ലിന് ഗണ്യമായി വിലകൂടും. അരി പുതിയൊരു മൂല്യവര്‍ദ്ധിത ഉതിപന്നമായി മാറും. അങ്ങനെ വരുമ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കും. കേരളത്തിന് വലിയ വരുമാന സാദ്ധ്യതയാണ് ബ്രൂവറി പ്‌ളാന്റ് വഴി ഉണ്ടാവുമെന്നൊക്കെയാണ് മന്ത്രി എംബി രാജേഷൊക്കെ അവകാശപ്പെടുന്നത്. പക്ഷേ, പൊതുവെ ജലക്ഷാമം നേരിടുന്ന പ്രദേശമെന്ന നിലയിലാണ് നാട്ടുകാര്‍ പദ്ധതിയെ എതിര്‍ക്കുന്നത്. ഇക്കഴിഞ്ഞ മാസം ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാനുള്ള കമ്പനിയുടെ നീക്കം ജനകീയ സമര സമിതിയും കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞിരുന്നു.
ഒയായിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും അന്വേഷണം നേരിടുന്ന കമ്പനിയാണ്. ഈ വര്‍ഷം ജനുവരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ കമ്പനിക്ക് മദ്യ നിര്‍മ്മാണത്തിന് ലൈന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നടന്ന മദ്യ കുംഭകോണങ്ങളില്‍ ഒയാസിസ് കമ്പനിയും അതിന്റെ ഉടമകളും പ്രതിസ്ഥാനത്താണ്.
ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമിതരംമാറ്റ അപേക്ഷ റവന്യൂ വകുപ്പ് നേരത്തെ തള്ളിയിരുന്നു. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിര്‍മ്മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍ഡിഒയാണ് തള്ളിയത്. ഒരു കാരണവശാലും പ്ലാന്റ് അനുവദിക്കാന്‍ പാടില്ലെന്ന് പാലക്കാട് സിപിഐ ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു. മുന്നണിക്കുളളിലെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് നീങ്ങാനാണ് സിപിഎം തീരുമാനം എന്നാണ് അറിയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here