മരിച്ചര്‍ക്കു പോലും വോട്ടര്‍പട്ടികയില്‍ ജീവിക്കാം!! വോട്ടർപട്ടിക പരിഷ്കരണം ഉദ്ദേശിച്ച ഗുണമുണ്ടാക്കില്ലെന്ന് ആശങ്ക

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം (എസ്.ഐ.ആര്‍) കോടതി കയറുമെന്ന് ഉറപ്പായെങ്കിലും വീടുകള്‍ കയറാതെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ). വീടുകള്‍ കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് എന്യൂമറേഷന്‍ ഫോം നല്‍കി പൂരിപ്പിച്ച് വാങ്ങണമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെങ്കിലും മിക്ക ബി.എല്‍.ഒമാരും വീടുകയറ്റം ഒഴിവാക്കി കുറുക്കുവഴി തെരഞ്ഞെടുക്കുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്. ഒരിടത്തിരുന്ന് അവിടെ ഒരു വീട്ടിലെ ഒരാളെ വിളിച്ചുവരുത്തി കൂട്ടത്തോടെ എന്യൂമറേഷന്‍ ഫോം നല്‍കുന്ന പരിപാടിയാണ് ഇപ്പോള്‍ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നത്. ഇതിലൂടെ ഉദ്ദേശിക്കുന്ന തരത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണം സാദ്ധ്യമാവില്ലെന്ന പരാതിയും ശക്തമായിട്ടുണ്ട്.

ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോട്ടര്‍പട്ടിക പരിഷ്‌ക്കരണം നടക്കുന്നത്. അതുകൊണ്ടുതന്നെ മരിച്ചവരും സ്ഥലത്തില്ലാത്തവരുമായ നിരവധിപേര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. അവരെ ഒഴിവാക്കി വോട്ടര്‍പട്ടിക കാലാനുസൃതമാക്കുക എന്നതാണ് എസ്.ഐ.ആര്‍കൊണ്ട് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് രാഷ്ട്രീയമായ ആരോപണങ്ങളും ആശങ്കകളും ശക്തമാകുന്നുണ്ട് എങ്കിലും വോട്ടര്‍പട്ടിക പരിഷ്‌ക്കരണവുമായി കമ്മിഷന്‍ മുന്നോട്ടുപോകുന്നുമുണ്ട്.

Also Read : വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് നിർബന്ധമല്ല; സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ

ഈ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടത് ബി.എല്‍.ഒമാരാണ്. ഓരോ ബൂത്തിന്റെയും വലിപ്പം അനുസരിച്ച് ഒന്നോ രണ്ടോ ബി.എല്‍.ഒമാര്‍ ഉണ്ടാകും. ഇവര്‍ ഓരോ വീട്ടിലും എത്തി അവിടുത്തെ വോട്ടര്‍മാരുടെ നിലവിലെ സ്ഥിതി ബോദ്ധ്യപ്പെട്ട് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യണമെന്നും അവ പൂരിപ്പിച്ചശേഷം മടക്കി വാങ്ങണമെന്നുമാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ബി.എല്‍.ഒമാര്‍ വീടുകളില്‍ എത്തിയാല്‍ അവര്‍ക്ക് നിലവില്‍ അവിടെയുള്ള വോട്ടര്‍മാരുടെ സ്ഥിതി കൃത്യമായി ബോദ്ധ്യപ്പെടാനാകും. സ്ഥലത്തില്ലാത്തവരുടേയും സ്ഥലം മാറിപോയവരുടെയും മരണമടഞ്ഞവരുടെയും വിവരങ്ങള്‍ വ്യക്തമാകുകയും ചെയ്യും. അത്തരത്തില്‍ അവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്ത് അത് ശുദ്ധീകരിക്കാനുമാകും.

എന്നാല്‍ പല ബി.എല്‍.ഒമാരും വീടുസന്ദര്‍ശനം ഒഴിവാക്കുകയാണെന്ന പരാതി ശക്തമായിട്ടുണ്ട്. ഓരോ മേഖലയിലേയും റസിഡന്‍സ് അസോസിയേഷനുകള്‍, അല്ലെങ്കില്‍ ആ പ്രദേശത്തെ പ്രമുഖമായ കൂട്ടായ്മകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒരു ദിവസം ഒരുകേന്ദ്രത്തില്‍ ക്യാമ്പുപോലെ നടത്തി ഫോമുകള്‍ വിതരണം ചെയ്യുന്നു എന്നാണ് ആരോപണം. ഒരു വീട്ടില്‍ നിന്നും ഒരാള്‍ മാത്രം എത്തി ഫോം വാങ്ങിപോകാം. ഇത്തരത്തില്‍ ഒരു കേന്ദ്രത്തില്‍ ഇരുന്നുകൊണ്ട് ഫോം വിതരണം ചെയ്യുമ്പോള്‍ വോട്ടര്‍പട്ടിക ശുദ്ധീകരണത്തില്‍ ഉദ്ദേശിച്ച ഫലം ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

Also Read : ഇന്ത്യൻ ‘ജെൻസി’കളെ കൂടെ കൂട്ടാൻ രാഹുൽഗാന്ധി; രാജ്യത്ത് അരാജകത്വം പടർത്താനുള്ള ശ്രമമെന്ന് BJP

ഇങ്ങനെ ചെയ്യുന്നതിലൂടെ ബി.എല്‍.ഒമാര്‍ക്ക് ആ ബൂത്തില്‍ നിന്ന് അല്ലെങ്കില്‍ ആ മണ്ഡലത്തില്‍ നിന്ന് മാറിപ്പോയവരുടേയോ അല്ലെങ്കില്‍ മരിച്ചവരുടേയോ വിവരങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയില്ല. 2002ന് ശേഷം വോട്ടർപട്ടികയില്‍ പേരുചേര്‍ക്കപ്പെട്ട, അതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ കുടുംബത്തിലെ ആരും ഉള്‍പ്പെട്ടില്ലാത്തവരുടെ മാത്രം വോട്ട് നഷ്ടപ്പെടുന്ന സ്ഥിതിയായിരിക്കും ഇതിലൂടെ സംജാതമാകുക.

ഇപ്പോള്‍ തന്നെ ഈ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണം രാജ്യത്താകമാനം വലിയ വിവാദം ഉയര്‍ത്തിയിട്ടുണ്ട്. പിന്‍വാതിലിലൂടെയുള്ള പൗരത്വരജിസ്റ്റര്‍ തയാറാക്കലാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ അത്തരത്തില്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ലക്ഷക്കണക്കിന് പേരെ വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടിമാറ്റിയെന്ന ആരോപണവും പ്രതിപക്ഷകക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടയിലാണ് കേരളത്തിലൂം എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തീരുമാനം. ഇതിനെ എതിര്‍ത്തുകൊണ്ട് ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോത്തിന്റെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also Read : തദ്ദേശത്തിൽ ഇരട്ട വോട്ട് പൊളിക്കാനൊരുങ്ങി ബിജെപി; സ്വീകരിക്കുന്നത് രാഹുൽ ഗാന്ധി ലൈനോ ?

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ നില്‍ക്കുമ്പോള്‍ വോട്ടര്‍പട്ടിക മരവിപ്പിക്കുന്ന നടപടി ഗുണകരമല്ലെന്ന വാദവും സംസ്ഥാനം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വോട്ടര്‍പട്ടിക പരിഷ്‌ക്കരണം തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്. രണ്ടും രണ്ടു കമ്മിഷനുകളായതിനാല്‍ നിലവിലെ പട്ടിക ഉപയോഗിച്ചുതന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താം. അതില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ 40 വയസിന് താഴെയുള്ള നിരവധിപേരുടെ വോട്ടുകള്‍ ചോദ്യചിഹ്‌നമാക്കുമെന്ന ആശങ്കയാണ് രാഷ്ട്രീയകക്ഷികള്‍ ഉയര്‍ത്തുന്നത്.

അതിനിടയിലാണ് നിലവിലെ വോട്ടര്‍മാരുടെ കൃത്യമായ വിവരങ്ങള്‍ ബോദ്ധ്യപ്പെടാതെ ഫോമുകള്‍ വിതരണം ചെയ്യാനുള്ള കുറുക്കുവഴികള്‍ ബി.എല്‍.ഒമാരും സ്വീകരിക്കുന്നത്. വോട്ടര്‍പട്ടിക പരിഷ്‌ക്കരണ നടപടികള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരെ മറ്റ് ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണം എന്നാണ് ജില്ലാകലക്ടര്‍മാരോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണ് ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്നതും. വീടുകള്‍ കയറിയിറങ്ങി കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ട് നടപ്പാക്കാനായിട്ടാണ് ഈ നിര്‍ദ്ദേശം. അത് പാലിക്കാതെ ചുളുവില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ബി.എല്‍.ഒമാരുടെ നീക്കമെങ്കിൽ ഉദ്ദേശിക്കുന്ന ഗുണമൊന്നും ഉണ്ടാകില്ലെന്ന് മാത്രമല്ല, കാര്യങ്ങൾ ആകെ കുഴയുകയും ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top