മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുൻ കൗണ്‍സിലര്‍; ‘ജനകീയത ഇല്ലാതാക്കി; പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവം’

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയ തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ വിമര്‍ശനം ശക്തമാകുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് വഞ്ചിയൂര്‍ കൗണ്‍സിലറായിരുന്ന ഗായത്രി ബാബു രംഗത്ത് എത്തി. ഏത് പ്രതിസന്ധിയിലും ഇടതുപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൈവിടാന്‍ കാരണം മേയറുടെ വീഴ്ചകളാണ് എന്നാണ് ഗായത്രി ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒഴികെ ജില്ലയില്‍ ഒരിടത്തും സിപിഎമ്മിന് ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ല. ഏത് മുക്കിലും സധൈര്യം ഇറങ്ങാന്‍ ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മേയര്‍ക്ക് അതിന് കഴിഞ്ഞില്ല. അഞ്ച് വര്‍ഷം കൊണ്ട് ഭരണത്തിലെ ജനകീയത ഇല്ലാതാക്കി. പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന് ഭാവവും അധികാരപരമായി തഴ്ന്നവരോട് പുച്ഛവും മുകളിലുള്ളവരോട് അതിവിനയവുമാണ് മേയര്‍ പെരുമാറുന്നത്.
കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം പുറത്ത് കാത്തിരിക്കുന്ന നാലാളെ കാണാനും പ്രദേശിക സഖാക്കളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും സമയം കണ്ടെത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് ഗായ്ത്രി ബാബുവിന്റെ വിമര്‍ശനം. പോസ്റ്റ് വളരെ വേഗം തന്നെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വഞ്ചിയൂര്‍ കൗണ്‍സിലറായിരുന്നു ഗായത്രി ബാബു. ഇത്തവണ ജനറല്‍ സീറ്റായതോടെ ഗായ്ത്രിയുടെ അച്ഛനായ വഞ്ചിയൂര്‍ ബാബുവാണ് മത്സരിച്ച് ജയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here