ഭരണത്തില്‍ പിണറായി ഷോ മാത്രം; ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിച്ചു; സിപിഎമ്മിനെ തിരുത്താന്‍ ഉറച്ച് സിപിഐ

ലൈംഗിക ആരോപണമുയര്‍ന്ന ഘട്ടത്തില്‍ എംഎല്‍എയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടും ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിനെ സിപിഎം സംരക്ഷിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് സിപിഐ. സംസ്ഥാന സമിതിയാണ് ഇത്തരമൊരു ഏറ്റുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഇടത് മുന്നണിയിലെ പ്രധാന രണ്ട് കക്ഷികള്‍ തമ്മിലുള്ള പരസ്പര വിശ്വാസമില്ലായ്മ വെളിവാക്കുന്നതാണ് ഈ നിലപാട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ പൊതുജന വികാരമുണ്ടെന്നാണ് സിപിഐയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍

ഇടതു മുന്നണി യോഗം പോലും ചേരാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന വികാരമാണ് സിപിഐയുടെ രണ്ട് ദിവസങ്ങളായി തലസ്ഥാനത്തു നടക്കുന്ന നേതൃയോഗങ്ങളില്‍ പ്രതിഫലിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏശിയില്ല എന്ന് സിപിഎം സംസ്ഥാന കമ്മറ്റി നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ സിപിഐ ഈ വാദം പാടെ തള്ളുകയാണ്. ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ് തിരിച്ചടിക്ക് കാരണം എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. പിണറായിയുടെ വണ്‍മാന്‍ ഷോയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐയുടെ യോഗങ്ങളില്‍ ഉയര്‍ന്നത്.

സിപിഎം – ബിജെപി അന്തര്‍ധാരയെന്ന പ്രതിപക്ഷ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പിഎംശ്രീ ഒപ്പിടലും ലേബര്‍ കോഡ് ഡ്രാഫ്റ്റ് അംഗീകരിച്ചത് എന്നടക്കമുളള വിമര്‍ശനം സിപിഐ പ്രതിനിധികള്‍ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ ഇടതുപാളയത്തില്‍ നിന്ന് പാടെ അകറ്റാന്‍ ഇടയാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ പിണറായി പ്രോത്സാഹിപ്പിക്കുന്നു എന്ന വികാരമാണ് യോഗത്തില്‍ പ്രതിഫലിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top