രണ്ടിലക്ക് പകരം ഇനി ഓട്ടോറിക്ഷ; ചിഹ്നം ഉറപ്പിച്ച് കേരള കോൺഗ്രസ് ജോസഫ്

കെ എം മാണിയുടെ വിയോഗത്തിന് പിന്നാലെ രണ്ടായി പിളർന്ന കേരള കോൺഗ്രസ് എമ്മിൻ്റെ രണ്ടില ചിഹ്നത്തിനായി രണ്ടുകൂട്ടരും അവകാശവാദം ഉന്നയിച്ചെങ്കിലും ജോസ് കെ മാണി നയിക്കുന്ന വിഭാഗത്തെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കടാക്ഷിച്ചത്. പിന്നാലെ നിയമനടപടിക്ക് പി ജെ ജോസഫ് നീക്കം നടത്തിയെങ്കിലും കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ഓട്ടോ ചിഹ്നത്തിൽ ജയിച്ചതോടെ അത് ഉറപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് വിജയം കണ്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് കേരളാ കോൺഗ്രസ് (ജോസഫ്) പാർട്ടിയെ സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിരുന്നു. ഇതാണ് ചിഹ്നം ഉറപ്പിക്കുന്ന കാര്യത്തിലും അനുകൂലമായത്. മറ്റ് പാർട്ടികളാരും ഓട്ടോറിക്ഷ ആവശ്യപ്പെട്ടിട്ടില്ല എന്നതും അനുകൂലമായി. ഗത്യന്തരമില്ലാതെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിലാണ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ മത്സരിച്ചത്. നേരത്തെ കുതിര, സൈക്കിൾ ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here