വരന്റെ അമ്മ വധുവിന്റെ അച്ഛനുമായി ഒളിച്ചോടി; വിവാഹ നിശ്ചയം മുടങ്ങി

മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രതിശ്രുത വരന്റെ മാതാവും വധുവിന്റെ പിതാവും ഒളിച്ചോടി. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിലാണ് സംഭവം. ഈ അപ്രതീക്ഷിത സംഭവത്തോടെ ഇരു കുടുംബങ്ങളും തമ്മിലുള്ള വിവാഹ ബന്ധം താറുമാറാകുകയും നിശ്ചയിച്ചിരുന്ന ചടങ്ങുകൾ നിർത്തിവെക്കുകയും ചെയ്തു.
ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 വയസ്സുകാരിയായ വരന്റെ അമ്മയും, ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനായ വധുവിന്റെ പിതാവുമാണ് വീടുവിട്ടത്. വരന്റെ അമ്മയെ ഒരാഴ്ചയിലേറെയായി കാണാതായതിനെ തുടർന്ന്, മകനാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ, സ്ത്രീ പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പമാണ് ഒളിച്ചോടിയതെന്ന് കണ്ടെത്തി.
അടുത്തിടെ വിവാഹമുറപ്പിച്ച ഇരുവരുടെയും മക്കൾ തമ്മിലുള്ള ചടങ്ങുകൾക്കിടയിലാണ് മാതാപിതാക്കൾ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തത്. കാമുകനായ കർഷകനെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ വരാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും 45 കാരി വിസമ്മതിച്ചു. അദ്ദേഹത്തോടൊപ്പം ജീവിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് ഇവർ പോലീസിനെ അറിയിച്ചു.
പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് സ്ത്രീ പോയത്. ഈ അപ്രതീക്ഷിത ഒളിച്ചോട്ടം കാരണം ഇരു വീട്ടുകാരുടെയും വിവാഹ നിശ്ചയം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർണ്ണമായും മുങ്ങിയ അവസ്ഥയിലാണ്. സംഭവത്തിൽ കൂടുതൽ നിയമനടപടികളൊന്നും പോലീസ് സ്വീകരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here