ഇഎംഎസ് വാര്‍ധക്യ പെന്‍ഷനെ എതിര്‍ത്തു; വോട്ടുതട്ടാനുള്ള ആശയമെന്ന് കമ്യൂണിസ്റ്റ് പരിഹാസം; ചരിത്രം മറക്കരുത്

കേരളത്തില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് സിപിഎം എക്കാലത്തും സ്വയം മേനി നടിക്കാറുണ്ട്. ഇതുപോലെ, ഇഎംഎസ് സര്‍ക്കാരാണ് ക്ഷേമ പെന്‍ഷനുകള്‍ കൊണ്ടുവന്നതെന്ന് പാര്‍ട്ടിയുടെ ആസ്ഥാന ചരിത്രകാരന്‍മാരും താത്വിക ആചാര്യന്മാരും തട്ടിമൂളിക്കാറുണ്ട്. 1957- 59 കാലത്തെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് വാര്‍ധക്യ പെന്‍ഷന്‍ നടപ്പാക്കാൻ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ കമ്യൂണിസ്റ്റ് അംഗങ്ങള്‍ നഖശിഖാന്തം എതിര്‍ത്തു എന്നതാണ് ചരിത്രസത്യം.
പെന്‍ഷന്‍ പദ്ധതി തികച്ചും അപ്രായോഗികം ആണെന്നായിരുന്നു മുഖ്യമന്ത്രി ആയിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് നിയമസഭയില്‍ നിലപാടെടുത്തത്. വോട്ടു തട്ടാനുള്ള തരികിട പരിപാടിയാണന്നും ഇടത് അംഗങ്ങൾ പരിഹസിച്ചു. തുടർന്ന് 1960ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വാര്‍ധക്യപെന്‍ഷന്‍ നടപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയായി. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് ഡോ തോമസ് ഐസക് അടക്കം നേതാക്കള്‍ ക്ഷേമപെന്‍ഷന്‍ ആദ്യമായി കൊണ്ടുവന്നത് ഇടതു സര്‍ക്കാരാണെന്ന് ബഡായി പറയുന്നത്.
നിസ്സഹായരും ആലംബഹീനരുമായ വൃദ്ധജനങ്ങള്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം കെസി എബ്രഹാം ആണ് 1959 ഏപ്രില്‍ ഒന്നിന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. “ജീവിതകാലത്തിന്റെ പ്രധാനഭാഗം മുഴുവന്‍ അധ്വാനിച്ച്, അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന നിരാലംബരായ ഒരു വിഭാഗത്തിന് സംരക്ഷണം നല്‍കുന്നതിന് ഒരു പദ്ധതി ആവിഷ്‌കരിക്കേണ്ട ആവശ്യകതയെ ഈ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഞാന്‍ ഈ പ്രമേയം അവതരിപ്പിക്കുന്നത്. രാജ്യശ്രേയസിനും സാമ്പത്തികമായ സുസ്ഥിരതയ്ക്കും വേണ്ടി വളരെ സംഭാവന ചെയ്തിട്ടുള്ള ഒരു വിഭാഗം ആളുകളാണ് ആരോഗ്യം നശിച്ചു സംരക്ഷണത്തിന് ആരുമില്ലാതെ കഷ്ടപ്പെടുന്നത് എന്നുള്ള വിചാരത്തില്‍ നിന്നു വേണം ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്…. സ്റ്റേറ്റിന്റെ ചുമതലയില്‍ തന്നെ ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ അനുഭാവപൂര്‍ണമായ പരിഗണനയും കൃതജ്ഞതയും ഈ വിഭാഗത്തിന്റെ മേല്‍ പതിയേണ്ടിയിരിക്കുന്നു” -ഇങ്ങനെയായിരുന്നു പ്രമേയം.
ഇത്തരക്കാരെ കോട്ടയത്തെ യാചകകേന്ദ്രത്തില്‍ താമസിച്ചാല്‍ പോരേ എന്നായിരുന്നു കമ്യൂണിസ്റ്റ് അംഗമായ തോപ്പില്‍ ഭാസ്‌കരപിള്ള എന്ന തോപ്പില്‍ ഭാസിയുടെ പരിഹാസം കലര്‍ന്ന ചോദ്യം. ഒട്ടുമിക്ക സിപിഐ അംഗങ്ങളും പ്രമേയാവതാരകനെ കളിയാക്കുകയും ഇങ്ങനെ ഒരു സ്‌കീം അപ്രായോഗികമാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു എന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തിന് തന്നെ മാതൃകയാകേണ്ടിയിരുന്ന ഒരു ക്ഷേമപെന്‍ഷന്‍ പദ്ധതിയെ തൊഴിലാളിവര്‍ഗ പാര്‍ട്ടി നേതാക്കളും സര്‍ക്കാരും ചേര്‍ന്ന് പരിഹസിച്ച് അട്ടിമറിച്ചു എന്നാണ് ചരിത്രം പറയുന്നത്. ദരിദ്രരോടും പട്ടിണിക്കാരോടും എന്നും അനുഭാവം പ്രകടിപ്പിച്ചിരുന്ന പൊന്നറ ജി. ശ്രീധര്‍ പോലും പ്രമേയത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുകയും സംഗതി അപ്രായോഗികമാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു.

നിയമസഭാ നടപടികളില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രസംഗവും പിന്നാലെ നടന്ന ചര്‍ച്ചയും ഇങ്ങനെ ആയിരുന്നു.
ഇ എം എസ് നമ്പൂതിരിപ്പാട്: ‘ഈ പ്രമേയവും അതിനുള്ള ഭേദഗതികളുമെല്ലാം അവതരിപ്പിച്ച ബഹുമാന്യ സുഹൃത്തുക്കള്‍ ഉദ്ദേശിച്ച കാര്യത്തോട് എനിക്ക് യാതൊരു എതിരുമില്ല. എങ്കില്‍പ്പോലും ഈ പ്രമേയവും ഭേദഗതികളുമെല്ലാം ഇന്നത്തെ നിലയ്ക്കു ഏതെങ്കിലും സ്റ്റേറ്റിനോ അല്ലെങ്കില്‍ ഇന്‍ഡ്യാ ഗവണ്മെന്റിനു തന്നെയോ, പ്രായോഗികമല്ല എന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്. ശ്രീ. ശ്രീധര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ ഈ പ്രമേയത്തെപ്പറ്റി ചര്‍ച്ച ചെയ്ത ആരും തന്നെ അതിന്റെ പ്രായോഗികതയെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് പറയുകയുണ്ടായി. ഈ ഭാഗത്തിരിക്കുന്നതിലാരും തന്നെ ഇന്‍ഡ്യയില്‍ ഇന്നത്തെ സ്ഥിതിക്ക് ഓള്‍ഡേജ് പെന്‍ഷന്‍ നടപ്പിലാക്കുവാന്‍ സാധ്യമല്ലെന്നാണ് പറഞ്ഞിട്ടുള്ളത്. സാധ്യമാണെന്നാരും പറഞ്ഞിട്ടില്ല’.
പൊന്നറ ജി. ശ്രീധര്‍: ഇതേ മാതിരി നടപ്പില്ലാത്ത പലതും വോട്ടുകള്‍ ലഭിക്കുന്നതിനു വേണ്ടി മാത്രം ഇവിടെ പറയുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.
ഇ എം എസ് നമ്പൂതിരിപ്പാട്: ഞാന്‍ ഈ പ്രമേയത്തെ പ്പറ്റിയാണ് പറഞ്ഞത്. ഈ പ്രമേയം പാസാകുന്ന പക്ഷം ഓള്‍ഡേജ് പെന്‍ഷന്‍ നടപ്പിലാക്കുവാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. ഇന്നത്തെ നിലയ്ക്ക് ഏതായാലും സാധ്യമല്ല.
പിന്നാലെ ക്ഷേമ പെന്‍ഷന്‍ നല്‍കണമെന്ന പ്രമേയത്തെ വോട്ടിനിട്ട് തള്ളിയതും ചരിത്രം. ഇഎംഎസ് സര്‍ക്കാരിന്റെ പതനത്തിന് ശേഷം അധികാരത്തില്‍ വന്ന പട്ടം താണുപിള്ള സര്‍ക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന ആര്‍ ശങ്കറാണ് പിന്നീട് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. 1960 ജൂണ്‍ 24ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് 70 വയസ് പിന്നിട്ട നിരാലംബര്‍ക്കായി മാസം 15 രൂപ ഓള്‍ഡേജ് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ചത്. ഇതിനായി മൂന്ന് ലക്ഷം രൂപ നീക്കി വെക്കുകയും ചെയ്തു.

ഓള്‍ഡേജ് പെന്‍ഷന്‍ പദ്ധതി പ്രായോഗികമല്ലെന്ന് പരിഹസിക്കുകയും വാദിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാക്കള്‍ ആര്‍ ശങ്കറിന്റെ ബജറ്റ് പ്രഖ്യാപനം കേട്ട് നാണിച്ച് തല താഴ്ത്തി ഇരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളി കൃത്യം ഒരു വര്‍ഷവും രണ്ടു മാസവും കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മന്ത്രിസഭ അത് നടപ്പാക്കിക്കാണിച്ച ചരിത്രം മറച്ചുവെച്ചാണ് സിപിഎം നേതാക്കളുടെ ഇപ്പോഴത്തെ അവകാശവാദങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here