കോൺഗ്രസിനെ തീർക്കാനിറങ്ങിയ ഗുലാം നബി ആസാദിൻ്റെ പാർട്ടി പടമായി!! ഗതികിട്ടാതെ കശ്മീരിൻ്റെ മുന്‍ മുഖ്യമന്ത്രി

കോണ്‍ഗ്രസിനെ മര്യാദ പഠിപ്പിക്കുമെന്ന് പറഞ്ഞ് മൂന്നുകൊല്ലം മുമ്പ് തറവാട്ടില്‍ നിന്നിറങ്ങിപ്പോയ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് രാഷ്ട്രീയത്തിലെ എടുക്കാചരക്കായി മാറി. രാഹുല്‍ ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് ആസാദ് രൂപീകരിച്ച പാര്‍ട്ടി തന്നെ ‘അനിക്‌സ്‌പ്രേ’ ആയിപ്പോയി. അരനൂറ്റാണ്ടിലധികം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ മുഖമായിരുന്ന ഗുലാം നബി, ഇപ്പോള്‍ ദേശീയ- സംസ്ഥാന രാഷ്ട്രീയത്തില്‍ ഏതാണ്ട് അസ്തമിച്ച മട്ടായി.

കോണ്‍ഗ്രസില്‍ ഗുലാം നബി ആസാദ് വഹിക്കാത്ത പദവികള്‍ തുലോം കുറവാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനം മുതല്‍ എഐസിസി ജനറല്‍ സെക്രട്ടറി, പലവട്ടം കേന്ദ്രമന്ത്രി, കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം, വര്‍ക്കിംഗ് കമ്മറ്റി അംഗം, കാശ്മീര്‍ മുഖ്യമന്ത്രി എന്നിങ്ങനെ 50 കൊല്ലം പാര്‍ട്ടിയെ അടക്കിവാണ നേതാവ് ഇന്ന് എല്ലാവരാലും അവഗണിക്കപ്പെട്ട് വീട്ടില്‍ ഒതുങ്ങി.

മൂന്നുകൊല്ലം മുമ്പ് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഗുലാം നബി രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (Democratic Progressive Azad Paty -DPAP ) ഏതാണ്ട് പൂട്ടിക്കെട്ടിയ അവസ്ഥയിലാണ്. ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെ അസാധ്യമായ അവസ്ഥയായി. നേതാക്കളും അണികളും പാര്‍ട്ടി ഉപേക്ഷിച്ചു മാതൃപേടകമായ കോണ്‍ഗ്രസിലേക്ക് പോയി. എങ്ങും പോകാനാകാതെ ഗുലാം നബി മാത്രം തൻ്റെ പാർട്ടിയിൽ ബാക്കിയായിരിക്കുന്നു.

2024ലെ ജമ്മുകാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ DPAP മത്സരിച്ചെങ്കിലും തറ തൊടാതെ തോറ്റ് മണ്ണടിഞ്ഞു. 90 അംഗ നിയമസഭയിലെ 23 സീറ്റിലേക്ക് മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശു പോലും ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആസാദിന്റെ പാര്‍ട്ടി സമ്പൂര്‍ണമായി ഒലിച്ചുപോയി. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ നാല് ശതമാനം വോട്ടു പോലും ആസാദിന്റെ DPAPയുടെ പെട്ടിയില്‍ വീണില്ല. അനാരോഗ്യം പറഞ്ഞ് ഗുലാം നബി പ്രചരണത്തിൽ നിന്ന് വിട്ടുനിന്നു.

2022ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളിലെ അതൃപ്തരായ 23 മുതിര്‍ന്ന നേതാക്കള്‍ രൂപം കൊടുത്ത ജി 23 ഗ്രൂപ്പിന്റെ നേതാവായിരുന്നു ഗുലാം നബി. ഒട്ടുമിക്കവരും നേതൃത്വത്തിന് കീഴ്‌പ്പെട്ടെങ്കിലും ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി. പടിയിറങ്ങും മുമ്പായി രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ഒരു തുറന്ന കത്തും പുറത്തുവിട്ടു. തുടർന്ന് കാശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ പ്രമുഖരായ 90 നേതാക്കളാണ് ചേർന്നത്. വലിയ പ്രതീക്ഷയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായത്. ഇടക്കിടെ പ്രധാനമന്ത്രി മോദിയെ സ്തുതിക്കുന്നതും ഗുലാം നബി പതിവാക്കി.

മുസ്ലിം വോട്ട് ഭിന്നിപ്പിക്കാനാണ് ആസാദിന്റെ പാര്‍ട്ടി മത്സരിക്കുന്നതെന്ന് വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ബിജെപിയുടെ ‘സി’ ടീം എന്ന ദുഷ്‌പ്പേരും പതിച്ചു കിട്ടി. ഈ ചാപ്പ കുത്തല്‍ ആസാദിന്റെ പാര്‍ട്ടിയുടെ സകല സാധ്യതകളും ഇല്ലാതാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ അണികള്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുപോക്ക് തുടങ്ങിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു കൂടി കഴിഞ്ഞതോടെ പാര്‍ട്ടിയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായി. നിലവില്‍ ആസാദ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ മാത്രമാണ് DPAP പാര്‍ട്ടിയില്‍ അവശേഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top