ഇഡി പ്രതിപക്ഷ വേട്ടക്കുള്ള ആയുധം മാത്രമോ? കേസുകള്‍ ആവിയാകുന്നു; ശിക്ഷിക്കപ്പെടുന്നത് വെറും രണ്ട് ശതമാനത്തില്‍ താഴെ

അഴിമതിക്കാരേയും കള്ളപ്പണക്കാരേയും അഴിക്കുള്ളിലാക്കുമെന്ന് സ്ഥിരമായി ബഡായി അടിക്കുന്ന മോദി സര്‍ക്കാരിന്റെ ഇഡി കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 6312 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശിക്ഷിച്ചത് വെറും 120 കേസുകള്‍ മാത്രം. 2014 ജൂണ്‍ ഒന്നു മുതല്‍ 2025 നവംബര്‍ 1 വരെയുള്ള കാലയളവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും ശിക്ഷയും ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശത്രുഘ്‌നന്‍ സിന്‍ഹയാണ് ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് ( Prevention of Money Laundering Act, 2002) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ശിക്ഷ കിട്ടുന്നവരുടെ എണ്ണം രണ്ട് ശതമാനത്തില്‍ താഴെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2019- 20 സാമ്പത്തിക വര്‍ഷത്തിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരു കാലത്തും 200ല്‍ എത്തിയിരുന്നില്ല. എന്നാല്‍ 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 557 കേസുകളും 2020- 21 ല്‍ 996 കേസുകളും എടുത്തിരുന്നു. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 2021-.22 കാലത്താണ്. 1116 കേസുകളാണ് ഇക്കാലയളവില്‍ ഇഡി ചുമത്തിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ശരാശരി 700 കേസുകളാണ് കള്ളപ്പണക്കാര്‍ക്കെതിരെ ഈ ഏജന്‍സി കണ്ടെത്തിയത്.2019 ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത 93 കേസുകള്‍ മതിയായ തെളിവില്ലാത്തതിന്റെ പേരില്‍ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇഡി 193 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശിക്ഷിക്കപ്പെട്ടത് കേവലം രണ്ട് കേസുകള്‍ മാത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here