ഡൽഹിയിൽ സുരക്ഷക്കായി എഐ കണ്ണടകളും 30000 പോലീസുകാരും; കണ്ണടച്ച് തുറക്കുന്ന നേരം മതി കുറ്റവാളി കുടുങ്ങും

77മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയിൽ അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി ഡൽഹി പോലീസ്. എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് നഗരത്തിൽ പോലീസ് വിപുലമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഡൽഹിയിലുടനീളം 30,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ പരേഡ് നടക്കുന്ന മേഖലയിൽ മാത്രം 10,000 ഉദ്യോഗസ്ഥർ കാവലുണ്ട്. കൂടാതെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കണ്ണടകൾ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ കുറ്റവാളികളെയും സംശയാസ്പദമായ വ്യക്തികളെയും തത്സമയം തിരിച്ചറിയാൻ ഈ കണ്ണടകൾ സഹായിക്കും. 3,000-ത്തിലധികം അത്യാധുനിക സിസിടിവി ക്യാമറകളാണ് പരേഡ് റൂട്ടിലും പരിസരത്തുമായി സ്ഥാപിച്ചിരിക്കുന്നത്. ഇവയെ 30 കൺട്രോൾ റൂമുകളിലിരുന്ന് 150-ഓളം ഉദ്യോഗസ്ഥർ സദാസമയം നിരീക്ഷിക്കുന്നു.
Also Read : ഫോക്സ്‌വാഗണും ബിഎംഡബ്ല്യുവും പകുതി വിലയ്ക്ക്?; ഇന്ത്യയും യൂറോപ്പും കൈകോർക്കുമ്പോൾ
പ്രധാന കെട്ടിടങ്ങളുടെ മുകളിൽ ആയിരക്കണക്കിന് സ്നൈപ്പർമാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡ്രോൺ നിരീക്ഷണവും കടുപ്പിച്ചു. അയൽ സംസ്ഥാനങ്ങളിലെ പോലീസ് സേനകളുമായി ചേർന്ന് അതിർത്തികളിൽ പരിശോധനയും വിവരങ്ങൾ കൈമാറലും ഊർജിതമാക്കി. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാണ്.
സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിരോധിത വസ്‌തുക്കൾ കൈവശം വെക്കരുതെന്നും അഡീഷണൽ പോലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹാല പൗരന്മാരോട് അഭ്യർത്ഥിച്ചു. പരേഡ് കാണാനെത്തുന്നവർക്കായി നദികളുടെ പേരിൽ നാമകരണം ചെയ്ത പ്രത്യേക എൻക്ലോഷറുകളും ഒരുക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here