പ്രളയഫണ്ടിൽ കയ്യിട്ട് വാരിയ ക്ലാർക്കിനെ പിരിച്ചുവിട്ടു; വിഷ്ണുപ്രസാദ് സർക്കാരിനുണ്ടാക്കിയത് കോടികളുടെ നഷ്ടം

എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുണ്ടായ പ്രളയ ഫണ്ട് തട്ടിപ്പ് വലിയ വാർത്തയായിരുന്നു. സിപിഎം നേതാക്കൾ ഉൾപ്പെടെ പങ്കാളികളായ കേസ് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരുന്നത്. 2018ലെ പ്രളയത്തിന് ഇരയായ ജില്ലയിലെ 1,06,799 ഗുണഭോക്താക്കൾക്കായി 413,01,45,400 രൂപയാണ് അന്ന് വിതരണം ചെയ്തത്. പ്രളയദുരിതാശ്വാസ വിതരണത്തിന് രൂപീകരിച്ച സെക്ഷനിലെ ക്ലാർക്ക് വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പണാപഹരണത്തിൽ സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പടെ ഏഴുപേർ അറസ്റ്റിലാവുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ച വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്വേഷണത്തത്തിൽ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദ് തിരിമറികൾക്ക് നേതൃത്വം നടത്തിയെന്ന് കണ്ടെത്തി. തുടർന്ന് അയാളെ സർവീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിലാണ് വിഷ്ണുപ്രസാദിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടത്.
Also Read : ദുരിതാശ്വാസനിധി വകമാറ്റരുത്’; വയനാടിനു വേണ്ടി ലഭിച്ച പണം വയനാടിന് മാത്രം ഉപയോഗിക്കണമെന്ന് വി.ഡി.സതീശൻ
എറണാകുളം കളക്ടറേറ്റിലെ ക്ലാര്‍ക്കായിരുന്ന വിഷ്ണു പ്രസാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണത്തില്‍ നിന്ന് 76,83,000 രൂപ തട്ടിയെടുത്തു. ഇതിനു പുറമേ വിഷ്ണുവിന്റെ അശ്രദ്ധമൂലം സര്‍ക്കാരിന് 7.72 കോടി രൂപയുടെ നഷ്ടവുമുണ്ടായി. അര്‍ഹതയില്ലാത്ത ദുരിതബാധിതര്‍ക്ക് കൂടുതല്‍ തുക അയച്ചതിലൂടെയാണ് സര്‍ക്കാരിന് ഇത്രയുമധികം നഷ്ടംവന്നത്.
വിഷ്ണു പ്രസാദിനെതിരെ ആരോപിക്കപ്പെട്ട 15 ഗുരുതര കുറ്റങ്ങളില്‍ 12 എണ്ണവും ശരിവയ്ക്കുന്ന തരത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റില്‍ നടന്ന പ്രളയത്തിനിരയായവര്‍ക്ക് അനുവദിക്കപ്പെട്ട നഷ്ടപരിഹാര തുകയിൽ തിരിമറി കാണിച്ചുവെന്നതാണ് കേസ്. രേഖകളില്‍ തിരിമറി നടത്തി വിഷ്ണുപ്രസാദ് ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു. മുക്കാല്‍ കോടിയിലേറെ രൂപയാണ് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കും അയച്ചത്.
Also Read : ദുരിതാശ്വാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടോ? കേസുകളുടെ എണ്ണം കൂടുന്നു; സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷം
തുടർ നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2018-ലെയും 2019-ലെയും ദുരിതാശ്വാസ ഫണ്ട് വിതരണം സംബന്ധിച്ച കളക്ടറേറ്റിലെ മുഴുവന്‍ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടാഴ്ചത്തെ പരിശോധനയ്‌ക്കൊടുവിൽ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കളക്ടറേറ്റില്‍ പ്രത്യേക വിഭാഗം തന്നെ തുറന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here